beena-kurian

മാവടിയിൽ എൽ.ഡി.എഫ്

തൊടുപുഴ: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ആംആദ്മി പാർട്ടി (എ.എ.പി). ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാർഡായ നെടിയകാടാണ് എ.എ.പി സ്ഥാനാർത്ഥി ബീന കുര്യൻ ചരിത്ര വിജയം നേടിയത്. 2015ൽ ആലപ്പുഴ തെക്ക് പഞ്ചായത്തിൽ 21-ാം വാർഡിൽ ടോമി ഏലശ്ശേരി കേരളത്തിൽ എ.എ.പിയുടെ അക്കൗണ്ട് തുറന്നതിന് ശേഷമുള്ള ആദ്യ വിജയമാണിത്. കോൺഗ്രസിൽ നിന്ന് നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബീന സീറ്റ് പിടിച്ചെടുത്തത്. നിലവിലെ യു.ഡി.എഫ് മെമ്പർ ഷൈബി ജോൺ ജോലി ലഭിച്ച് യു.കെയ്ക്ക് പോയതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി സോണിയ ജോസ് 198 വോട്ട് നേടിയപ്പോൾ എ.എ.പി സ്ഥാനാർത്ഥിയായ ബീനയ്ക്ക് 202 വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സതി ശിശുപാലന് 27 വോട്ട് മാത്രമാണ് ലഭിച്ചത്. ഇതോടെ 13 അംഗ പഞ്ചായത്തിൽ യു.ഡി.എഫ്- 9,​എൽ.ഡി.എഫ് - 2,​ ബി.ജെ.പി- 1,​ എ.എ.പി- 1 എന്ന നിലയിലാണ് ഇപ്പോൾ കക്ഷിനില. എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ കേരളത്തിൽ ആദ്യമായി എ.എ.പി അക്കൗണ്ട് തുറന്നെന്ന തരത്തിൽ എക്‌സിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. സംസ്ഥാനത്തെ എ.എ.പിയുടെ വിപ്ലവത്തിന്റെ തുടക്കമാണിതെന്ന് എ.എ.പി കേരള ഘടകവും എക്‌സിൽ കുറിച്ചു. കരിങ്കുന്നം ടൗണിൽ മെഡിക്കൽ ലാബ് നടത്തുന്ന ബീന കുര്യൻ (47) രണ്ട് വർഷം മുമ്പാണ് എ.എ.പി മെമ്പറാകുന്നത്. ടൗണിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന കുംപ്ലാനിക്കൽ ബോബി എബ്രഹാമാണ് ഭർത്താവ്. സാലസ് ബോബി, ജൂലിയൻ, ഹന്ന എന്നിവർ മക്കളാണ്.

'ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ ചരിത്ര വിജയം. ഇടത് വലത് മുന്നണികളല്ലാതെ വേറെ ബദൽ കേരളത്തിൽ ഇല്ലായിരുന്നു. ജനം മാറി ചിന്തിച്ചു തുടങ്ങി."

-ജേക്കബ് മാത്യു (എ.എ.പി ജില്ലാ പ്രസിഡന്റ്)​

മാവടി വാർഡിൽ എൽ.ഡി.എഫ്

ഉടുമ്പഞ്ചോല പഞ്ചായത്തിലെ മാവടി വാ‌ർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി അനിമോൾ ആന്റണി 273 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി 665 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിലെ സുജ പ്രിൻസിന് 392 വോട്ടുകൾ ലഭിച്ചു. ഇതോടെ 14 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന് 12ഉം യു.ഡി.എഫിന് രണ്ടും അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിലെ അഞ്ജലി രാജു രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.