തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം... ആഘോഷമേതായാലും മലയാളിക്ക് ലഹരി നിർബന്ധമാണല്ലോ. എന്നാൽ ആഘോഷവേളകളിലെ വ്യാജമദ്യവും സ്പിരിറ്റും കഞ്ചാവടക്കമുള്ള ലഹരികളും ഒഴുകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള തീവ്രയജ്ഞത്തിലാണ് എക്‌സൈസ്. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ജില്ലയിൽ ആരംഭിച്ചതായി ഇടുക്കി അസി. എക്‌സൈസ് കമ്മിഷണർ കെ. കാർത്തികേയൻ പറഞ്ഞു. അഞ്ചിന് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവ് ജനുവരി മൂന്ന് വരെ തുടരും. ഇതിന്റെ ഭാഗമായി ചെക്‌പോസ്റ്റുകളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. വാറ്റിന് സാദ്ധ്യതയേറിയ മലയോര, വനമേഖലകളിൽ എക്‌സൈസ് നിരീക്ഷണം ശക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. പൊലീസ്, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുമായി ചേർന്നും പരിശോധനകൾ നടത്തും. മദ്യലഹരിമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിന് ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യം, ലഹരിമരുന്ന് എന്നിവ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് സ്‌ട്രൈക്കിങ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്. ലൈസൻസ് സ്ഥാപനങ്ങളിൽ നിന്നല്ലാതെ ആരും മദ്യം വാങ്ങി ഉപയോഗിക്കരുതെന്നും വ്യാജമദ്യ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും മരണത്തിനും വരെ ഇടയാക്കാമെന്നും എക്‌സൈസ് മുന്നറിയിപ്പ് നൽകുന്നു.
സ്‌പെഷ്യൽ ഡ്രൈവ് പ്രവർത്തനങ്ങൾ
1. ചെക്‌പോസ്റ്റുകളിൽ കർശന പരിശോധന
4. ജില്ലാ ഹെഡ് ക്വാട്ടേഴ്‌സിൽ കൺട്രോൾ റൂം
2. തമിഴ്‌നാട് അതിർത്തി മേഖലയിൽ പരിശോധന
3. പൊലീസ്, റവന്യൂ, ഫോറസ്റ്റ്, എക്‌സൈസ് സംയുക്ത പരിശോധന
4. മിന്നൽ പരിശോധന, പട്രോളിംഗ്, റെയ്ഡ്
വിവരങ്ങൾ കൈമാറാം
ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം: 18004253415 (ടോൾഫ്രീ നമ്പർ)
നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി: 04864 225782