മൂലമറ്റം: അറക്കുളത്ത് വരയൻ കടുവയെ കണ്ടെന്ന് അഭ്യൂഹം, കണ്ടത് പൂച്ചപ്പുലിയെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇന്നലെ പുലർച്ചെ നാല് മണിയോടെ ഇന്റർമീഡിയറ്റ് ആഡിറ്റ് റോഡരികിൽ അഞ്ചാനിക്കൽ തൊമ്മച്ചന്റെ വീട്ടിലാണ് കടുവ എത്തിയതായി അഭ്യൂഹമുയർന്നത്. തൊമ്മച്ചന്റെ മകൻ റെന്നി വിദേശത്ത് നിന്ന് നാട്ടിൽ വന്നത് രണ്ട് ദിവസം മുമ്പാണ്. വിദേശത്തെ കാലാവസ്ഥയും നാട്ടിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാത്തതു കൊണ്ട് റെന്നിക്ക് നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് പുലർച്ചെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു. പോർച്ചിൽ ഒരു പൂച്ച കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ഈ സമയത്ത് ഇരുട്ടിൽ നിന്ന് കടുവ മുറ്റത്തേക്ക് ചാടിയതായി റെന്നി പറയുന്നു. മൂന്നാമത്തെ ചാട്ടത്തിന് കടുവ സിറ്റൗട്ടിന് അടുത്തെത്തി. റെന്നി ഉച്ചത്തിൽ ബഹളം വെച്ചു. ശബ്ദം കേട്ട് കടുവ ഓടി. ബഹളം കേട്ട് വീട്ടിലുള്ളവരും ഉണർന്നു. ഇന്റർമീഡിയറ്റ് റോഡ് സൈഡ് മുഴുവൻ വൈദ്യുതി ബോർഡിന്റെ സ്ഥലമാണ്. ഇവിടം മുഴുവൻ കാട് പിടിച്ച് കിടക്കുകയാണ്. വനം വകുപ്പ് അധികൃതർ വന്ന് അന്വേഷണം നടത്തി. കടുവയെ കണ്ട വിവരം പുറത്തറിഞ്ഞതോടെ ഭീതിയിലാണ് നാട്ടുകാർ.
ഇന്നലെ രാവിലെ വിവരം അറിഞ്ഞ ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. എന്നാൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് കണ്ട കാൽപ്പാട് പൂച്ച പുലിയുടേതാണെന്ന് മുട്ടം റേഞ്ച് ഓഫീസർ സിജോ സാമുവൽ പറഞ്ഞു. പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.