ഇടുക്കി: വണ്ടിപെരിയാറിലെ ആറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഡി വൈ എഫ് ഐ കാരനായ പ്രതിയെ കുറ്റവിമുക്തനാക്കാനിടയായത് ഭരണകക്ഷിയുടെ രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് യുഡിഎഫ് ജില്ലാചെയർമാൻ ജോയിവെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും ആരോപിച്ചു. കേസിൽ എഫ് ഐ ആർ മുതൽ പ്രതിയെ രക്ഷപെടുത്താനുള്ള ഇടപെടൽ നടന്നിട്ടുണ്ട്. കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കോടതിവിധി. ഈ സംഭവത്തെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കുറ്റവാളികളെ ശിക്ഷിക്കാൻ ഇരയുടെ കുടുംബത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. കേരളത്തിലെ ആഭ്യന്തര വകുപ്പ് കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്ന സംവിധാനമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നയം സർക്കാർ അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു. ഇടതു സർക്കാരിന്റെ ഈ ക്രൂരവിനോദത്തിനെതിരെ ജില്ലയിലുടനീളം യു ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കും.