തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ അനാസ്ഥ മൂലം ആർ.സി ബുക്ക്,​ ഡ്രൈവിംഗ് ലൈസൻസ്,​ വാഹനത്തിന്റെ പെരുമാറൽ, തുടങ്ങിയ രേഖകൾ കൈയിൽ കിട്ടാൻ അപേക്ഷകർ മാസങ്ങൾ നീണ്ട കാത്തിരിപ്പിൽ. കഴിഞ്ഞ മാസം നൽകിയ അപേക്ഷ നൽകിയ ആർക്കും ഇതുവരെ രേഖകൾ പ്രിന്റ് ചെയ്ത് കിട്ടിയിട്ടില്ല. നിലവിൽ നവംബർ 26 മുതലുള്ള ആർ.സി ബുക്ക് പ്രിന്റിംഗ് പെൻഡിംഗാണെന്നാണ് വകുപ്പിന്റെ വെബ്‌സൈറ്റിൽ കാണിക്കുന്നത്. എറണാകുളം തേവരയിലുള്ള പ്രിന്റിംഗ് സെന്ററിൽ നിന്നാണ് ഇവ പ്രിന്റ് ചെയ്ത് അയക്കുന്നത്. അവിടേയ്ക്ക് വിളിച്ചാൽ നമ്പർ സ്വിച്ച് ഓഫ് അല്ലെങ്കിൽ തിരക്കിലാണെന്നാണ് ഉത്തരം ലഭിക്കുക. ആഴ്ചകളായി ഓരോ രേഖകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൊട്ടിഘോഷിച്ച് വന്ന സ്മാർട്ട് കാർഡ് അപേക്ഷയ്ക്കായി ആർ.സി ബുക്കിന് 430 രൂപ മുതൽ 800 രൂപ വരെ ഈടാക്കുന്നുണ്ട്. ഒരു കാറിന്റെ ഉടമസ്ഥന്റെ പേര് മാറുന്നതിന് ട്രാൻസ്ഫർ ഓണർഷിപ്പ് ഫീസ് 300 രൂപയും പ്ലാസ്റ്റിക് കാർഡ് ഫീസ് 200 രൂപയും സർവീസ് ചാർജ് 60 രൂപയും പോസ്റ്റൽ ഫീസ് 45 രൂപയും ചേർത്ത് 605 രൂപ നൽകണം. ബൈക്കാണെങ്കിൽ ഇത് 430 വരും. ബസുകൾക്കും ലോറികൾക്കും 800 രൂപയിലേറെയാകും. ഡ്രൈവിംഗ് ലൈസെൻസിന് എല്ലാവരിൽ നിന്നും ഫീസും സർവീസ് ചാർജ്ജും പോസ്റ്റൽ ചാർജ്ജുമെല്ലാം ചേർത്ത് 505 രൂപ വീതമാണ് ഫീസീടാക്കുന്നത്. ഓരോ വ്യക്തികളിൽ നിന്നും യാതൊരു നിലവാരവുമില്ലാത്ത പി.വി.സി കാർഡിന് 200 രൂപയാണ് വകുപ്പ് ഈടാക്കുന്നത്. എന്നാൽ ഈ തുകയെല്ലാം അടച്ച് അതത് ആർ.ടി.ഒ ഓഫീസിൽ നിന്ന് പ്രിന്റിംഗ് സെന്ററിലേക്ക് അയച്ച് കഴിഞ്ഞാൽ സർവീസ് നൽകിയ ഓഫീസിന് യാതൊരു ഉത്തരവാദിത്വവുമില്ല. മാത്രമല്ല, പൊതുജനത്തെ സഹായിക്കാനും ആരുമില്ലാത്ത സ്ഥിതിയാണ്. ഇതുമൂലം രാപ്പകൽ വ്യത്യാസമില്ലാതെ ജോലി നോക്കുന്ന ആർ.ടി.ഒ, ജോ.ആർ.ടി.ഒ ഓഫീസ് ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് പ്രിന്റിംഗ് വൈകുന്നതിന്റെ പേരിൽ പഴി കേൾക്കുന്നത്.

കുടിശിക മൂലമെന്ന് അധികൃതർ

മോട്ടോർ വാഹന വകുപ്പിൽ നിന്ന് രേഖകൾ ലഭിക്കാൻ താമസം നേരിടുന്നത് എറണാകുളം തേവരയിലെ പ്രിന്റിംഗ് സെന്ററിലേക്കുള്ള പി.വി.സി കാർഡ് നൽകുന്ന കമ്പനിക്ക് നൽകാനുള്ള കുടിശിക മൂലമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഭീമമായ കുടിശിക മൂലം പി.വി.സി കാർഡ് നൽകുന്ന കമ്പനി വിതരണം നിറുത്തിയതിനാലാണ് നവംബർ അവസാനത്തോടെ ലൈസൻസും ആർ.സി ബുക്കും പ്രിന്റ് ചെയ്യുന്നത് മുടങ്ങിയത്. സർക്കാരിൽ നിന്ന് കുടിശികയായി നൽകാനുള്ള തുക ഇതുവരെ മോട്ടോർ വാഹന വകുപ്പിന് അനുവദിച്ചിട്ടില്ല. എത്രയും വേഗം കുടിശിക തീർക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.