
കരിങ്കുന്നം: കാട്ടുപന്നികളെത്തി കപ്പകൃഷി വ്യാപകമായി നശിപ്പിച്ചു. കരിങ്കുന്നം പഞ്ചായത്തിലെ 2-ാം വാർഡിൽ മഞ്ഞക്കടമ്പ് - പൊന്നന്താനം റോഡരികിൽ കൃഷി ചെയ്തിരുന്ന വിളവെടുപ്പിന് പാകമായ, കാവുംപ്രായിൽ വിനോദിന്റെ അൻപത് ചുവടിലധികം കപ്പ പൂർണ്ണമായും കാട്ടുപന്നികൾ നശിപ്പിച്ചു. കാടിന്റെ സാമീപ്യമില്ലാത്ത ഈ പ്രദേശത്ത് ആദ്യമായാണ് കാട്ടുപന്നിക്കൂട്ടം എത്തുന്നത്. പഞ്ചായത്തിലെ പൊന്നന്താനം, കാട്ടോലി, അഴകുംപാറ, ഇല്ലിചാരി പ്രദേശങ്ങളിൽ ഇതിനോടകം നിരവധി കർഷകരുടെ കപ്പകൃഷി കാട്ടുപന്നികളും മുള്ളൻപന്നികളും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പന്ത്രണ്ടോളംവരുന്ന കാട്ടുപന്നികൾ പ്രദേശത്ത് അടുത്തകാലത്തായി കൃഷി നശിപ്പിച്ചു വരുകയാണ്.വിളവെടുപ്പിന് പാകമാകാത്തതിനാൽ കർഷകർക്ക് ഏറെ നഷ്ടമാണ് വരുത്തിത്തീർക്കുന്നത്.
കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവച്ച് കൊല്ലാൻ കരിങ്കുന്നം പഞ്ചായത്തിൽ പ്രസിഡന്റ് ഉൾപ്പെടെ 4 പേർക്ക് അനുവാദമുണ്ടെങ്കിലും ഇതുവരെയും ഒരു പന്നിയെപോലും കൊന്നതായി അറിവില്ല. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നികളെ നിയന്ത്രിക്കാൻ വനംവകുപ്പിനും സർക്കാരിനും കഴിയുന്നില്ലെങ്കിൽ അവയെ നിരുപാധികം കൊല്ലാൻ കർഷകർക്ക് അനുവാദം നൽകണമെന്ന് കർഷകനും ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്) സംസ്ഥാന സെക്രട്ടറി കൂടിയായ എൻ. വിനോദ്കുമാർ ആവശ്യപ്പെട്ടു.