തൊടുപുഴ: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തൊടുപുഴ നിയോജകമണ്ഡലത്തിലെ വിചാരണ സദസ് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിചാരണ സദസിന്റെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി​ എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കും. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും. മന്ത്രിസഭ തൊടുപുഴയിൽ എത്തിയെങ്കിലും നാടിന് പ്രയോജനകരമായ യാതൊരു പ്രഖ്യാപനവും നടത്താതെയാണ് മടങ്ങിയത്. ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, വികസനം ഇല്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തികഞ്ഞ മൗനമാണ് പാലിച്ചത്. സംസ്ഥാനത്ത് ഭരണ സ്തംഭനമാ ണ് ഉണ്ടായിട്ടുള്ളത്. ഇടതുമുന്നണി സർക്കാർ നടത്തിയ നവ കേരള സദസ് സി.പി.എമ്മിന്റെ നയവിശദീകരണ യോഗമായി മാറി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരിട്ട് നിവേദനം നൽകാനോ ജനപ്രതിനിധികൾക്ക് ജനങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനോ അവസരം നിഷേധിച്ചതിനാൽ ജനകീയ വിഷയങ്ങൾക്ക് പ്രസക്തി ഇല്ലാതായി. കോടികൾ മുടക്കി മന്ത്രിമാർക്ക് വിനോദസഞ്ചാരത്തിനുള്ള അവസരമാണ് ഉണ്ടായത്. ജില്ലയിലെ കാർഷിക മേഖല തകർന്നിരിക്കുകയാണ്. ജില്ലയിൽ വന വിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ ഗൂഢാലോചന നടക്കുന്നു. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾക്ക് വില തകർച്ചയാണ്. മുല്ലപ്പെരിയാർ ഡാമിനെ പറ്റി ഒരക്ഷരം സംസാരിക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ സാന്നിധ്യവും മരുന്നുകളുടെ ലഭ്യതയും ഇല്ലാത്ത അവസ്ഥയാണ്. ജില്ലയ്ക്ക് വേണ്ടി മുമ്പ് പ്രഖ്യാപിച്ച പന്ത്രണ്ടായിരം കോടി രൂപയുടെ പാക്കേജിനെ പറ്റി ഒരക്ഷരം ഉരിയാടാൻ മുഖ്യമന്ത്രി തയ്യാറായില്ല. തൊടുപുഴ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് പി.ജെ. ജോസഫ് എം.എൽ.എ സർക്കാരിൽ നൽകിയിട്ടുള്ള വിവിധ പദ്ധതികൾക്ക് സർക്കാർ അനുമതി താമസിപ്പിക്കുകയാണ്. ഇതിന് പ്രഥമ ഉദാഹരണമാണ് മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം. കാഞ്ഞിരമറ്റം ഭാഗത്തെ റോഡ് നിർമ്മാണത്തിന് ഫണ്ട് ഉണ്ടായിട്ടും എസ്റ്റിമേറ്റ് പുതുക്കി അനുമതി നൽകാതെ സർക്കാർ മനഃപൂർവം താമസിക്കുകയാണ്. 102 കോടിയുടെ മലങ്കര ടൂറിസം പദ്ധതിയും തൊടുപുഴ ജില്ലാ ആശുപത്രിയുടെ വികസനത്തിനുള്ള 20 കോടിയുടെ പദ്ധതികളും നിരവധി റോഡ് വികസന പദ്ധതികളും സ്റ്റേഡിയം നിർമ്മാണം ഉൾപ്പെടെയുള്ള ബൃഹത് പദ്ധതികളും സർക്കാർ അനുമതി കാത്തു കിടക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്, തൊടുപുഴ നിയോജകമണ്ഡലം ചെയർമാൻ എ.എം. ഹാരിദ്, കൺവീനർ എൻ.ഐ ബെന്നി, സെക്രട്ടറി അഡ്വ. ജോസി ജേക്കബ്, അഡ്വ. ജോസഫ് ജോൺ എന്നിവർ പങ്കെടുത്തു.