
കട്ടപ്പന: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറു വയസുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി അർജുനെ (24) തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പൊലീസിന് ഗുരുതര വീഴ്ചപറ്റിയതായി ചൂണ്ടിക്കാട്ടിശേഷം പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
കൊലപാതകം, മാനഭംഗം എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചപറ്റി. കോടതിയിൽ ഹാജരാക്കിയ തെളിവുകൾ പ്രകാരം അർജുനാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാനായില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ ആയിരുന്ന ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്തംബർ 21ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, മാനഭംഗം, പോക്‌സോ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 2022 മേയിൽ വിചാരണ തുടങ്ങി. ജഡ്ജി മാറിയത് വിചാരണ നീളാൻ കാരണമായി.
അമ്മയും മുത്തശ്ശിയും പൊട്ടിക്കരഞ്ഞു
വിധി കേട്ട് ബാലികയുടെ മാതാപിതാക്കളും ബന്ധുക്കളും വൈകാരികമായി പ്രതികരിച്ചത് കോടതി വരാന്തയിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. കുട്ടിയുടെ അമ്മയും മുത്തശ്ശിയും പൊട്ടിക്കരഞ്ഞുകൊണ്ട് കോടതിവരാന്തയിൽ വീണുരുണ്ടു. പ്രതിയെ വെറുതെ വിടില്ലെന്നും അവർ വിളിച്ചുപറഞ്ഞു. വധശിക്ഷയോ 20 വർഷത്തിൽ കുറയാത്ത കഠിന തടവോ പ്രതിക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പീരുമേട് ജയിലിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ഉത്തരവ് ലഭിച്ചാൽ വിടുതൽ നൽകി വീട്ടിലേക്ക് പോകാൻ കഴിയും. അതേസമയം കേസിൽ പൊലീസ് അപ്പീൽ നൽകുമെന്ന് ഡി.ജി.പി അറിയിച്ചു.