പീരുമേട്: വണ്ടിപ്പെരിയാറിലെ പിഞ്ചോമനയുടെ കൊലപാതക കേസിലെ വിധി അമ്പരപ്പിക്കുന്നതാണെന്ന് വാഴൂർ സോമൻ എം. എൽ. എ പറഞ്ഞു. കേസിനാസ്പദമായ സംഭവം നടന്ന ദിവസം തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യംചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. സാക്ഷികളെ മൊഴിയെടുത്തും യഥാസമയം പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നതാണ്. കേസ് വാദിക്കുവാൻ വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് 2021 ആഗസ്റ്റ് 13 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനെത്തുടർന്ന് 2021 ആഗസ്റ്റ് 31 ന് അഡ്വ. എം .സുനിൽകുമാറിനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. കേസ് വിചാരണ പൂർത്തിയായി പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. നിർഭാഗ്യവശാൽ പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേസ് പുനരന്വേഷണം നടത്തി കുറ്റവാളിക്ക് കടുത്ത ശിക്ഷ ലഭിക്കാനും ഇരയുടെ കുടുംബത്തിന് നീതി ലഭിക്കാനും വേണ്ടേ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കോടതി വിധിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാഴൂർ സോമൻ എം.എൽ.എ. അറിയിച്ചു.