വണ്ടിപ്പെരിയാർ: 'ഇങ്ങനാണോ സാറേ നീതി... ഞങ്ങളുടെ പൊന്നുമോളെ കൊന്നുകളഞ്ഞില്ലേ.. ഞങ്ങൾക്ക് 14 വർഷം കാത്തിരുന്ന് കിട്ടിയതാ അവളെ"

കട്ടപ്പനയിലെ കോടതിവരാന്തയിൽ ആറുവയസുകാരി മകളെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട വിധി കേട്ട ് അലമുറയിട്ട് കരഞ്ഞുകൊണ്ട് ആ അമ്മ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ നാടെങ്ങും വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. രാഷ്ട്രീയഭേദമന്യേ എല്ലാ പാർട്ടികളും പ്രതിഷേധ രംഗത്തുണ്ട്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് അദ്ധ്യക്ഷനായിരുന്നു. പൊലീസ് സ്റ്റേഷന് സമീപം മാർച്ച് തടഞ്ഞു. സി.പി.ഐയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. യോഗത്തിൽ സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ട് അംഗം ജോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബാബു കുട്ടി സംസാരിച്ചു. വൈകുന്നേരം കോൺഗ്രസ്, ബി.ജെ.പി, സി.പി.എം രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും പ്രകടനം നടത്തി. കോൺഗ്രസ് മാർച്ചിൽ പൊലീസുകാർക്ക് നേരെ പന്തം എറിഞ്ഞത് സംഘർഷത്തിന് ഇടയാക്കി. ആറ് മണിയോടെ നടന്ന ബി.ജെ.പിയുടെ പന്തം കൊളുത്ത് മാർച്ചിൽ വലിയ പ്രതിഷേധം ഉയർന്നു. ടൗണിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഇൻചാർജ് സി. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരാനാണ് സാദ്ധ്യത.