കട്ടപ്പന: കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച പറ്റിയെന്നും ഹാജരാക്കിയ തെളിവുകൾ പ്രകാരം അർജുനാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാനായില്ലെന്നും കോടതിയുടെ വിധിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണം ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചത്. സ്ഥലത്ത് നിന്നുള്ള തെളിവുകൾ ശേഖരിക്കുന്നതിൽ ഉദ്യോഗസ്ഥന് വലിയ വീഴ്ച പറ്റി. വിരളടയാള വിദഗ്ദ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിലും വീഴ്ചയുണ്ട്. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിലും കൃത്യതയുണ്ടായില്ല. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും വിധിയിൽ പറയുന്നു. എന്നാൽ ലൈംഗിക ചൂഷണം നടന്നെന്നുള്ള വാദം കോടതി അംഗീകരിക്കുന്നുണ്ട്. എന്നാൽ കേസിൽ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധിയിൽ അപ്പീൽ പോകുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ അർജുനെതിരെ സാഹചര്യ തെളിവുകളും സംശയിക്കുന്ന വിവരങ്ങളും മാത്രമാണ് അന്വേഷണ സമയത്ത് പൊലീസിന്റെ പക്കലുണ്ടായിരുന്നത്. എന്നാൽ വേണ്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ പോലീസിന് ആയിട്ടില്ലെന്നത് വിധിയിലൂടെ വ്യക്തമാണ്.
അതേ സമയം പൊലീസ് ഒത്തുകളിച്ചതും കേസിന് വേണ്ട ഗൗരവം കൊടുക്കാതിരുന്നതുമാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്നാണ് ആരോപണം. നേരത്തെ തന്നെ ഡി.വൈ.എഫ്‌.ഐയുടെ സജീവ പ്രവർത്തകനായ അർജുനെ രക്ഷിക്കാൻ ശ്രമം നടന്നതായുള്ള പരാതികൾ ഉയർന്നിരുന്നു. അന്ന് തന്നെ പ്രതിക്കെതിരെ കാര്യമായ നടപടി ഉണ്ടാകാൻ ഇടയില്ലെന്ന വാദവും വന്നിരുന്നു. ഏറെ കൊളിളക്കം സൃഷ്ടിച്ച കേസിൽ പൊലീസ് ആദ്യഘട്ടത്തിൽ കാണിച്ച വീഴ്ചയാണ് ഇപ്പോൾ വലിയ തിരിച്ചടിയായിരുക്കുന്നത്.