പീരുമേട്: നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യവ്യാപകമായി ജി.ഡി.എസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. തപാൽ പണിമുടക്കിനെ തുടർന്നു ജില്ലയിലെ തപാൽ സേവനം ഭാഗികമായി നിലച്ചു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പണിമുടക്കിയ ജി.ഡി.എസ് ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. പീരുമേട്ടിൽ ജി.ഡി.എസ് യൂണിയൻ ബ്രാഞ്ച് പ്രസിഡന്റ് എ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ ജി.ഡി.എസ് യൂണിയൻ സർക്കിൾ വൈസ് പ്രസിഡന്റ് എ.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. എം.എസ്. വിഷ്ണു, ടി.ജെ. ജോസ്, ദീപക് റെജി, എ.ഡി. ജോർജ്, എം.ബി. ശാന്തകുമാരി, ജി. സുനിൽ, ടി.ജെ. എബ്രഹാം, എ.ജി. രാജപ്പൻ എന്നിവർ സംസാരിച്ചു. 12,24,36 വർഷം തപാൽ സർവീസുള്ള ജീവനക്കാർക്ക് പ്രത്യേക ശമ്പള വർദ്ധന, കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ നടപ്പിലാക്കുക, ജി.ഡി.എസ് മെമ്പർഷിപ്പ് വെരിഫിക്കേഷൻ ഉടൻ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.