അടിമാലി: കല്ലാർകുട്ടി പത്ത് ചെയിൻ മേഖലയിൽ സർവേ നടപടികൾക്ക് തുടക്കമായി. മുരിക്കാശ്ശേരി പട്ടയ ഓഫീസിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെത്തി കല്ലാർകുട്ടി പുതിയ പാലത്തിന് മുകൾ ഭാഗത്തള്ള സ്ഥലങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയിൽ അളവുകൾ ആരംഭിച്ചത്. ഓടപ്ലാക്കൽ വിശ്വംഭരൻ ആലുങ്കൽ പറമ്പിൽ സോമൻ, ചെറുപറമ്പിൽ കൃഷ്ണൻകുട്ടി എന്നിവരുടേതടക്കമുള്ള സ്ഥലങ്ങളാണ് ഇപ്പോൾ അളന്നത്. കല്ലാർകുട്ടിയടക്കം ജില്ലയിലെ വിവിധ മേഖലകളിൽ പതിറ്റാണ്ടുകളായി പട്ടയമില്ലാതെ ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണുള്ളത്. നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് സർവേ നടപടിക്ക് സർക്കാർ നിർദ്ദേശം നൽകിയത്. കഴിഞ്ഞ മാസം ആരംഭിക്കാൻ നിർദ്ദേശം ലഭിച്ചെങ്കിലും സങ്കേതിക തടസങ്ങളെ തുടർന്ന് വൈകുകയായിരുന്നു. വെള്ളത്തൂവൽ, കൊന്നത്തടി പഞ്ചായത്തുകളിലായി നാലായിരത്തോളം കുടുംബങ്ങൾക്കാണ് പട്ടയം കിട്ടാക്കനിയായിരുന്നത്. പട്ടയത്തിനുള്ള മുറവിളികൾക്കിടയിൽ നിരവധി ജനകീയ സമരങ്ങൾക്ക് മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്. പട്ടയത്തിന്റെ അഭാവം മൂലം ബാങ്ക് ലോണുകൾ അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ ഇവർക്ക് അന്യമായിരുന്നു. സർവേ നടപടികൾ പൂർത്തിയാകുന്നതോടെ പട്ടയ നടപടികൾക്ക് ആരംഭം കുറിക്കും.