ഇടുക്കി: ജില്ലയിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പൊതുപരീക്ഷ അടുക്കുന്ന സമയമായിട്ട് പോലും സെക്കന്റ് ടേം പുസ്തകങ്ങൾ കിട്ടാത്തതിനാൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സെക്കന്റ് ടേമിലെ ഇംഗ്ലീഷ്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്, സോഷ്യൽസയൻസ് എന്നീ പുസ്തകങ്ങൾ കിട്ടിയിട്ടില്ല. ഫൈനൽ പരീക്ഷ അടുക്കാറായ ഈ സമയത്തും ടീച്ചേഴ്‌സ് ഫോട്ടോസ്റ്റാറ്റ് നോക്കിയാണ് പഠിപ്പിക്കുന്നത്. അതിനാൽ കുട്ടികൾക്ക് പഠനത്തിൽ വലിയ പ്രയാസങ്ങൾ ഉണ്ടാകുന്നു. ഫോട്ടോസ്റ്റാറ്റ് കോപ്പികൾ സ്ഥിരമായി സ്‌കൂളുകളിൽ കൊണ്ടുവരാനും ജില്ലയിലെ യാത്രാക്ലേശത്താലും, സാമ്പത്തിക ഞെരുക്കത്താലും കുട്ടികൾ ബുദ്ധിമുട്ടുകയാണ്. എല്ലാ സ്‌കൂളുകളിലും പുസ്തകത്തിന്റെ മുഴുവൻ പണവും നേരത്തെ വാങ്ങിച്ചിട്ടും സ്‌കൂളുകളിൽ ഇനിയും പുസ്തകങ്ങൾ എത്തിക്കാതെ ഇരുന്നാൽ അടിയന്തര സമരപരിപാടിയിലേക്ക് യൂത്ത് കോൺഗ്രസ് കടക്കുമെന്ന് നേതാക്കളായ ഷാനു ഷാഹുലും അഡ്വ. സി.എം. മുനീറും പറഞ്ഞു.