
വണ്ടിപ്പെരിയാർ: പീഡനത്തിന് ഇരയായി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കേസിൽ ഉണ്ടായ ബാഹ്യ ഇടപെടൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സി.പി.എമ്മുകാരെ രക്ഷിക്കാനാണ് സർക്കാരും പ്രോസിക്യൂഷനും നാടകം കളിച്ചതെന്ന് വാളയാർ, അട്ടപ്പാടി കേസുകളിൽ വ്യക്തമായിട്ടുണ്ട്. അതുതന്നെയാണ് വണ്ടിപ്പെരിയാറിലും ആവർത്തിച്ചത്.
അന്വേഷണത്തിൽ പിഴവ് വരുത്തിയതാണ് പ്രതിയെ വെറുതെ വിടാൻ ഇടയാക്കിയത്.
കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലും അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു.
അന്വേഷണത്തിലെ പാളിച്ചകൾ വിധിന്യായത്തിൽ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ തെളിവുകളുമായി അപ്പീൽ പോയാൽ വിധി പുനഃപരിശോധിക്കപ്പെടുമോയെന്നത് വിലയിരുത്തണം. അതല്ലെങ്കിൽ പുനരന്വേഷണം ആവശ്യപ്പെടണം. ഏത് വേണമെന്ന് കുടുംബമാണ് തീരുമാനിക്കേണ്ടത്. കുടുംബത്തിന്റെ അനുമതിയോടെ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം തേടും. എല്ലാ നിയമസഹായവും നൽകും.
ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ പരാജയപ്പെട്ടു. സാധാരണ തൂങ്ങി മരണ കേസുകളിൽ ലഭിക്കുന്ന തെളിവുകൾ പോലും ശേഖരിച്ചില്ല. തെളിവ് നിയമത്തിലെ നടപടി അനുസരിച്ചല്ല ബഡ് ഷീറ്റ് പോലും തെളിവായി ശേഖരിച്ചത്. കുട്ടിയെ തൂക്കാൻ ഉപയോഗിച്ച തുണി എടുത്ത അലമാരയിൽ വിരലടയാള വിദഗ്ദ്ധരെ കൊണ്ട് പരിശോധിച്ചില്ല. പിറ്റേ ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥൻ എത്തിയത്.
എസ്.സി- എസ്.ടി ആക്ട് ഉൾപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ ഏറ്റവും കൂടുതൽ ബഹളമുണ്ടാക്കിയത് പ്രതി തന്നെയാണ്. പോസ്റ്റ്‌മോർട്ടം ഇല്ലാതാക്കാനുള്ള പരമാവധി ശ്രമം പ്രതി നടത്തിയെന്ന് കുട്ടിയുടെ അച്ഛനും വ്യക്തമാക്കിയിട്ടുണ്ട്. ഡീൻ കുര്യാക്കോസ് എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി തുടങ്ങിയവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ആഭ്യന്തരം പരാജയപ്പെട്ടെന്ന് കെ. സുരേന്ദ്രൻ
വണ്ടിപ്പെരിയാർ കേസിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടെന്നും ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ രക്ഷിക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ടു. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണത്തിൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥയാണ്. സ്ത്രീ സൗഹൃദ സംസ്ഥാനമെന്നൊക്കെ വെറുതെ പറയുന്നതാണ്.
മുഖ്യമന്ത്രിയും മന്ത്രി ബാലഗോപാലും കേന്ദ്രത്തിനെതിരെ പച്ചക്കള്ളം ആവർത്തിക്കുകയാണ്. ക്ഷേമ പെൻഷൻ കൊടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പണം കൊടുക്കണമെന്നാണ് സർക്കാർ പറയുന്നത്. സർക്കാരിന്റെ കഴിവുകേട് മറയ്ക്കാൻ പച്ചക്കള്ളം പ്രചരിപ്പിച്ച് കേന്ദ്രവിരുദ്ധ വികാരമുണ്ടാക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം ഇനി നടക്കില്ല. പ്രധാനമന്ത്രി വരുമ്പോൾ കള്ളപ്രചാരണം പൊളിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അസ്വസ്ഥത വർദ്ധിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.