puttadi
പുറ്റടി സർക്കാർ ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകടനം

കുമളി: പുറ്റടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വൻ ജനകീയ പ്രക്ഷോഭത്തിന് തുടക്കം. ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ സത്യാഗ്രഹ സമരം ആരംഭിച്ചു. പ്രതിഷേധ പ്രകടനത്തിൽ 500ലധികം ആളുകളാണ് പങ്കെടുത്തത്. ഏഴ് ഡോക്ടർമാരുടെ എങ്കിലും സേവനം ഉറപ്പുവരുത്തി കൊണ്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രി എന്ന ആവശ്യം ഉയർത്തിയാണ് സമരം. ഇതിന്റെ ഭാഗമായി പുറ്റടി മില്ല് കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തത്.

പ്രകടനത്തിനുശേഷം ആശുപത്രിയ്ക്ക് സമീപം തയ്യാറാക്കിയ സമരപ്പന്തലിൽ ആരംഭിച്ച 24 മണിക്കൂർ സത്യാഗ്രഹ സമരം ഫാദർ ജോൺ പഞ്ഞിക്കാട്ടിൽ കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സംരക്ഷണ സമിതി കൺവീനർ സജി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എം.സി. രാജു, രക്ഷാധികാരി സുരേഷ് മാനങ്കരി, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് അംഗം ആന്റണി കുഴിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. സത്യാഗ്രഹ സമരത്തിന് സമാപനം കുറിച്ച് നടക്കുന്ന യോഗം ഇന്ന് പുറ്റടി വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാദർ ജോസഫ് തൂമ്പുങ്കൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. വിവിധ സംഘടന നേതാക്കളും പൊതുപ്രവർത്തകരും സംസാരിക്കും. ആശുപത്രി വികസനകാര്യത്തിൽ അടിയന്തരമായി ആരോഗ്യവകുപ്പിന്റെ നടപടി ഉണ്ടാകാത്തപക്ഷം ജില്ലാ മെഡിക്കൽ ഓഫീസ് പടിക്കൽ സത്യാഗ്രഹം അടക്കമുള്ള ശക്തമായ സമര പരിപാടികൾക്ക് മുന്നിട്ടിറങ്ങാനാണ് ആശുപത്രി സംരക്ഷണ സമിതിയുടെ തീരുമാനം.

മുമ്പ് മികച്ച സൗകര്യം,​ ഇപ്പോൾ ഒന്നുമില്ല

പതിറ്റാണ്ടുകൾ പഴക്കമുള്ള പുറ്റടി സർക്കാർ ആശുപത്രിയിൽ പ്രസവവും പോസ്റ്റുമോർട്ടവുമടക്കം മികച്ച ചികിത്സാ സൗകര്യങ്ങളാണ് മുമ്പ് ഉണ്ടായിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പു വരെ പോസ്റ്റുമോർട്ടം നടത്തിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ല. ആറ് ഡോക്ടർമാർ ഉണ്ടായിരുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ എണ്ണം രണ്ടായി ചുരുങ്ങിയതും മറ്റു ജീവനക്കാരുടെ അപര്യാപ്തതയും മൂലം ഒ.പി സംവിധാനം വരെ വെട്ടിക്കുറച്ചു. ഇതോടെ മൂന്നു പഞ്ചായത്തുകളിലായി ആശുപത്രിയെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായി. തുടർന്നാണ് പുറ്റടി ആശുപത്രി സംരക്ഷണ സമിതി എന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചത്.