വണ്ടിപ്പെരിയാർ: ക്രൂരമായി പീഡിപ്പിച്ച് കൊന്നു കെട്ടിതൂക്കിയ ആറുവയസുകാരിയുടെ കുടുംബത്തിന് നീതി കിട്ടാൻ അവസാനം വരെ പോരാടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വണ്ടിപ്പെരിയാറ്റിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി കേരള ജനത ഞെട്ടലോടെയാണ്‌ കേട്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടാം ദിവസമാണ് സംഭവ സ്ഥലത്തെത്തിയതെന്നാണ് വിധിന്യായത്താൽ പറഞ്ഞിരിക്കുന്നത്. ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ ഇത്തരം ഗുരുതര പിശകുകളാണ് ചെയ്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവാണ്‌ വേണ്ടത്. പ്രതിയുടെ വിരലടയാളം,​ സ്രവം,​ രക്തം,​ ഡി.എൻ.എ എന്നിവയെടുക്കാൻ അന്വേഷണ ഉദ്യേഗസ്ഥർ തയ്യാറായില്ല. പട്ടികജാതി നിയമപ്രകാരം കേസെടുക്കാൻ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടും അപ്രകാരം കേസ് എടുത്തില്ല. ഇപ്രകാരം കേസ് എടുത്തിരുന്നെങ്കിൽ ആ കുടുംബത്തിന് കിട്ടേണ്ട സാമ്പത്തിക സഹായം ലഭിക്കുമായിരുന്നു. എന്നാൽ അതിന് തയ്യാറായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യരുതെന്നു പറഞ്ഞ് ബഹളം വച്ചത് പ്രതിയായിരുന്നു. ഇത് സമ്മതിച്ചാൽ എന്താണ് ഉണ്ടാകുന്നത്. വാളയാർ കേസിൽ പ്രതികളെ രക്ഷിച്ചു. അട്ടപ്പാടി മധുവിന്റെ കേസ് പ്രതികൾ രക്ഷപ്പെട്ടു. നീതിന്യായ വ്യവസ്ഥ അട്ടിമറിക്കാൻ ആര് ശ്രമിച്ചാലും അത് നടപ്പിലാകില്ല. കുട്ടിയുടെ മാതാപിതാക്കൾക്ക് എല്ലാവിധ നിയമ സഹായവും ഞങ്ങൾ ചെയ്യും. ലക്ഷ്യം കാണുന്നതു വരെ ഇവരോടൊപ്പം യു.ഡി.എഫ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് മുമ്പ്‌ കോൺഗ്രസ്‌ നേതാക്കൾക്കൊപ്പം കുട്ടിയുടെ വീട് സന്ദർശിച്ച് എല്ലാവിധ നിയമസഹായവും അദ്ദേഹം കുടുംബത്തിന് വാഗ്ദാനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി,​ ചാണ്ടി ഉമ്മൻ എം.എൽ.എ,​ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, നേതാക്കളായ ഷാഹുൽ ഹമീദ്, ഷാജി പൈനേടത്ത്, ഉദയ സൂര്യൻ എന്നിവരും പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു.