മുട്ടം: യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷം മുട്ടം പോളിടെക്‌നിക്ക് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എസ്.എഫ്.ഐയും സ്വതന്ത്ര വിദ്യാർത്ഥി യൂണിയനും തമ്മിൽ നടന്ന മത്സരത്തിൽ സ്വതന്ത്ര വിദ്യാർത്ഥി യൂണിയനാണ് എല്ലാ സീറ്റിലും വിജയിച്ചത്. ഏഴ് സീറ്റിലേക്കാണ് മത്സരം നടന്നത്. മെക്കാനിക്കൽ മൂന്നാം വർഷ വിദ്യാർത്ഥിയായ മിഥുൻ തങ്ങൾക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ മിഥുനെ മർദ്ദിച്ചു. ഇതേ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് പറയുന്നു. ഫല പ്രഖ്യാപനം കഴിഞ്ഞ് കോളേജിന് പുറത്തേക്കുള്ള വഴിയിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ മിഥുനെ തൊടുപുഴയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് മുട്ടം, കരിമണ്ണൂർ, കാഞ്ഞാർ, തൊടുപുഴ, കുളമാവ് സ്റ്റേഷനുകളിലെ വൻ പൊലീസ് സേന ഇന്നലെ രാവിലെ മുതൽ കോളേജ് ക്യാമ്പസിൽ നിലയുറപ്പിച്ചിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കരിമണ്ണൂർ സ്‌പെഷ്യൽ തഹസീൽദാർ സിബി ജേക്കബിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം വീടുകളിലേക്ക് പോകാനുള്ള വിദ്യാർത്ഥികൾക്ക്
മുട്ടം എസ്.എച്ച്.ഒ പ്രിൻസ് ജോസഫ്, എസ്.ഐമാരായ ഹാഷിം കെ.എച്ച്, ബിജു, ഷാജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിൽ ബസ് സ്റ്റോപ്പിൽ എത്താനുള്ള സൗകര്യം ഏർപ്പെടുത്തി.