കട്ടപ്പന: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിന് പിന്നിൽ പൊലീസും പ്രോസിക്യൂഷനും തമ്മിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രതി ഡി.വൈ.എഫ്.ഐ നേതാവും സി.പി.എമ്മിന്റെ സജീവ പ്രവർത്തകനുമാണ്. കേസ് ആദ്യം മുതൽ വഴിതെറ്റിക്കുന്നതിനും പ്രതിയെ രക്ഷപെടുത്തുന്നതിനും ശ്രമങ്ങൾ നടന്നിരുന്നു. പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം സംസ്‌കരിക്കാൻ പീരുമേട് എം.എൽ.എയും ഇടത് നേതാക്കളും വലിയ സമർദം ചെലുത്തി. സി.പി.എം നേതാക്കളുടെ നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി. സുനിൽ തെളിവുകൾ നശിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു. ഇതിനെതിരെ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. കോടതിയിൽ നിന്ന് പ്രതിയെ പുറത്തിറക്കുന്നതിനും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനും പൊലീസ് കാണിച്ച ഉത്സാഹം കണ്ടാൽ ആർക്കും എല്ലാം മനസിലാകും. കട്ടപ്പനയിൽ സീനിയർ അഭിഭാഷകർ ഉണ്ടായിട്ടും ജില്ലയ്ക്ക് പുറത്തുള്ള അഭിഭാഷകരെ പ്രതിയ്ക്ക് വേണ്ടി കേസ് നടത്തുന്നതിന് വൻതുക നൽകി സി.പി.എം നേതാക്കൾ ഏർപ്പാട് ചെയ്തു കൊടുത്തു. ഈ അഭിഭാഷകനും സി.പി.എം നോമിനിയായ പബ്ലിക് പ്രൊസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും സി.പി.എം നേതാക്കളും കൂടി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കേസ് അട്ടമറിച്ചതെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.ആർ. അയ്യപ്പൻ, നേതാക്കളായ സി.എസ്. യശോധരൻ, തോമസ് മൈക്കിൾ, അഡ്വ. ജയിംസ് കാപ്പൻ, ജിറ്റോ ഇലിപ്പുലിക്കാട്ട് എന്നിവർ പറഞ്ഞു.