avira
അതിജീവന യാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗം കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് പി.ജെ അവിര ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സംസ്ഥാന ജീവനക്കാർ, അദ്ധ്യാപകർ,​ കർഷകർ, ക്ഷേമ പെൻഷൻകാർ തുടങ്ങി സമസ്ത മേഖലയിൽ ഉള്ളവരോടും കടം പറയുന്ന സർക്കാരാണ് ഇപ്പോൾ ഉള്ളതെന്നും സർക്കാരിന്റെ കാലം എണ്ണപ്പെട്ടുവെന്നും കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് പി.ജെ അവിര പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന അതിജീവന യാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യാത്ര. സെറ്റോയുടെ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ ജാഥാ ക്യാപ്ടനും സംസ്ഥാന കൺവീനർ കെ. അബ്ദുൽ മജീദ് വൈസ് ക്യാപ്ടനും കെ.സി. സുബ്രഹ്മണ്യൻ ജാഥാ മാനേജരുമായിട്ടുള്ള അതിജീവന യാത്ര 21ന് തിരുവനന്തപുരത്ത് സമാപിക്കും. സെറ്റോ ജില്ലാ കൺവീനർ പി.എം. നാസർ സ്വാഗതവും ജില്ലാ ചെയർമാൻ ശിഹാബ് പരീത് അദ്ധ്യക്ഷതയും വഹിച്ചു. അനിൽ വട്ടപ്പാറ, വി.ഡി. എബ്രഹാം, ഡെയ്‌സൻ മാത്യു, സി.എസ്. ഷമീർ,​ രാജേഷ് ബേബി, മുഹമ്മദ് ഫൈസൽ, ബിജോയി മാത്യു, കെ.കെ. അനിൽ, ബിനോയ് ജോർജ്,​ എം. മനോജ് കുമാർ എന്നിവർ സംസാരിച്ചു.