ചെറുതോണി: സെപ്തംബർ 14ന് നിയമസഭയിൽ ഐക്യകണ്ഠേന പാസാക്കിയ ജില്ലയിലെ കുടിയേറ്റ കർഷകരുടെ ചിരകാല അഭിലാഷമായ ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി ഒമ്പതിന് രാജ് ഭവൻ മാർച്ച് നടത്തും. രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും മൂന്ന് മുതൽ ആറ് വരെ തീയതികളിൽ പൊതുയോഗങ്ങൾ നടത്തും. ജില്ലാ കൺവീനർ കെ.കെ. ശിവരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രാരിച്ചൻ നിർണാംകുന്നേൽ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, ജനതാദൾ ജില്ലാ പ്രസിഡന്റ് കെ.എൻ. റോയ്, പോൾസൺ മാത്യു, സി.എം. അസീസ്, സിനോജ് വള്ളാടി, രതീഷ് അത്തിക്കുഴി എന്നിവർ പങ്കെടുത്തു.