പീരുമേട്: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പട്ടയം കൈയിൽ കിട്ടിയിട്ടും കരം ഒടുക്കാനാകാതെ 28 കുടുംബങ്ങൾ. എത്ര ശ്രമിച്ചിട്ടും അഴിക്കാൻ കഴിയാത്ത ചുവപ്പുനാടയിൽ കുരുങ്ങി ഈ കുടുംബംങ്ങൾ ഏഴ് മാസമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. വർഷങ്ങളുടെ കാത്തിരുപ്പിന് ശേഷമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇടുക്കിയിൽ നടന്ന പട്ടയമേളയിൽ ഇവർക്ക് പട്ടയം ലഭിച്ചത്.
എന്നാൽ ലഭിച്ച പട്ടയം പോക്ക് വരവ് ചെയ്ത് കരം ഒടുക്കാനാകുന്നില്ല. വണ്ടിപ്പെരിയാർ പഞ്ചായത്തിൽപ്പെട്ട മ്ലാമല, തേങ്ങാക്കൽ, പുതുവൽ, ലാൻഡ്രം, 110 പുതുവൽ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുബങ്ങളാണ് ചില ഉദ്യോഗസ്ഥരുടെ നടപടികൾ മൂലം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നത്. മൂന്ന് വില്ലേജുകളുടെ അതിർത്ത് പങ്കിടുന്ന കുടുംബങ്ങളാണ് ഇവർ. ഏലപ്പാറ, മഞ്ചുമല, പീരുമേട് എന്നീ വില്ലേജുകളുടെ അതിർത്തി മേഖലയാണ് ഇവിടം. നിലവിൽ ഈ കുടുംബങ്ങൾ ഏലപ്പാറ വില്ലേജിന് കീഴിലാണ്. എന്നാൽ ഈ ഭൂമിയുടെ രേഖകൾ പീരുമേട് വില്ലേജിലും. ഇതാണ് പോക്ക് വരവ് ചെയ്യാൻ തടസം നേരിടുന്നത്. ഇതിന് പരിഹാരമുണ്ടായാൽ പ്രതിന്ധി മാറി കിട്ടും. ഈ വസ്തുത നിലനിൽക്കെ നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാകുന്ന മെല്ലെപോക്കാണ് ഈ കുടുബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
നൂറുകൂട്ടം കാര്യങ്ങൾ
ഒരാൾക്ക് 30 സെന്റ് മുതൽ രണ്ടര ഏക്കർ വരെ സ്ഥലം ഉണ്ട്. കർഷകരും തോട്ടം തൊഴിലാളികളുമാണ് ഇവർ. വീട് നിർമ്മാണം, മക്കളുടെ വിവാഹ ആവശ്യം, വിദ്യാഭ്യാസം, തുടങ്ങിയവയ്ക്കായി പട്ടയം ഉയോഗിച്ച് ബാങ്ക് വായ്പ തരപ്പെടുത്താൻ കഴിയാതെ ബുദ്ധിമുട്ടിലാണ് ഈ കുടുംബങ്ങൾ. ജില്ലാ സർവ്വേ സൂപ്രണ്ട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കളക്ട്രേറ്റിൽ സമർപ്പിച്ച് കളക്ടർ ഉത്തരവ് ഇറക്കിയാൽ തീരാവുന്ന പ്രശ്‌നമേയുള്ളു. എന്നാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഈ നടപടി ചുവപ്പ് നാടയിൽ കുരുങ്ങി വൈകുകയാണ്.