തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ ശാഖാ മാനേജ്‌മെന്റ് കമ്മിറ്റിയിലെയും വനിതാ സംഘത്തിലെയും മുഴുവൻ അംഗങ്ങളെയും യൂത്ത്മൂവ്‌മെന്റ്, കുമാരി സംഘം, കുടുംബയോഗം തുടങ്ങിയവയുടെ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഉണർവ് 2024' എന്ന പേരിൽ ആദ്യ നേതൃസംഗമം ഇന്ന് നടക്കും. സംഘടനാ നേതാക്കളെ കൂടുതൽ കർമ്മോത്സുകരാക്കുന്നതിനും ഗുരുദർശനത്തിൽ അധിഷ്ഠിതമായി ജീവിക്കുന്നതിനും താഴെതട്ടിൽ നിന്ന് പ്രവർത്തനം തുടങ്ങേണ്ടത് അനിവാര്യമാണെന്ന് മനസിലാക്കിയ യോഗം ജനൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരമാണ് തൊടുപുഴ യൂണിയൻ ഈ മേഖലാ യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9.30ന് തൊടുപുഴ മേഖലയിലെ 17 ശാഖകളുടെ യോഗം വെങ്ങല്ലൂർ ചെറായിക്കൽ ക്ഷേത്ര ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് ഒന്ന് മുതൽ കുടയത്തൂർ മേഖലയിലെ ഒമ്പത് ശാഖകളുടെ യോഗം ടി.കെ.എം.എം ഹാളിലും നടത്തും. 24ന് രാവിലെ ഒമ്പത് മുതൽ വണ്ണപ്പുറം മേഖലയിലെ 12 ശാഖകളുടെ യോഗം വണ്ണപ്പുറം ഒലിവ് ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് ഒന്ന് മുതൽ ഉടുമ്പന്നൂർ മേഖലയിലെ എട്ട് ശാഖകളുടെ യോഗം ഉടുമ്പന്നൂർ ശ്രീനാരായണ മുകളേൽ ഓഡിറ്റോറിയത്തിലും നടക്കും. യൂണിയൻ കൺവീനർ വി.ബി. സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന മേഖലാ യോഗങ്ങൾ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ പി.ടി. ഷിബു, കെ.കെ. മനോജ്, എ.ബി. സന്തോഷ്, സ്മിത ഉല്ലാസ് എന്നിവർ നേതൃത്വം നൽകും. 2024 ജനുവരി മുതൽ തൊടുപുഴ യൂണിയനിലെ ശാഖകളിൽ പുത്തൻ ഉണർവ് നൽകാനും സംഘടനാ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കി ഏകീകൃത സ്വഭാവത്തോടെ നടത്തുന്നതിനും ഗുരു ദർശനത്തിലധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും പ്രവർത്തകരെ പ്രാപ്തരാക്കുന്നതിനുമാണ് ഈ മേഖലാ യോഗങ്ങൾ നടത്തുന്നതെന്ന് യൂണിയൻ ചെയർമാൻ ബിജു മാധവനും കൺവീനർ വി.ബി. സുകുമാരനും അറിയിച്ചു.