വണ്ണപ്പുറം: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉൾപ്പെടെ 19 പേർക്ക് പരിക്ക്. കായംകുളം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവർ രാജേഷ്, യാത്രാ സംഘത്തിലുണ്ടായിരുന്ന ഗോകുൽ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ വണ്ണപ്പുറത്തെയും തൊടുപുഴയിലെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മടക്കിയയച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ആലപ്പുഴ- മധുര സംസ്ഥാന പാതയിലെ വണ്ണപ്പുറം മുണ്ടന്മുടിക്ക് സമീപം നാല്പതേക്കറിലെ സ്ഥിരം അപകട മേഖലയായ എസ് വളവിലായിരുന്നു വാഹനം താഴേക്ക് പതിച്ചത്. കായംകുളം, ഹരിപ്പാട് മേഖലകളിൽ നിന്നുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ മൂന്നാർ സന്ദർശിച്ച് മടങ്ങി വരും വഴിയായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്നും താഴ്ചയിലേക്ക് തെന്നിമാറി. ഒരു വശത്തേക്ക് ചെരിഞ്ഞ വാഹനം സമീപത്തെ റബ്ബർ മരത്തിൽ തട്ടിയാണ് നിന്നത്. കൂടുതൽ താഴേക്ക് പതിക്കാതെ മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. 19 സീറ്റുള്ള ബസിൽ 10 കുട്ടികൾ ഉൾപ്പെടെ 26 യാത്രക്കാരാണുണ്ടായിരുന്നത്. കുത്തനെ കയറ്റിറക്കമുള്ള റോഡിക്കുറിച്ച് ഡ്രൈവർക്കുള്ള പരിചയ കുറവാണ് അപകടകാരണമെന്ന് കരുതുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയാണ് വാഹനത്തിനുള്ളിൽ നിന്നും യാത്രക്കാരെ പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് കാളിയാർ പൊലീസും സ്ഥലത്തെത്തി. കാളിയാർ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ സാബു കെ. പീറ്റർ, അജിംസ്, എ.എസ്.ഐ ഷംസുദ്ദീൻ, സി.പി.ഒമാരായ ബിജു, സിജിന എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകടത്തിൽപ്പെട്ടവരെ പൊലീസ് ജീപ്പിലും അതുവഴിയെത്തിയ മറ്റ് വാഹനങ്ങളിലുമാണ് ആശുപത്രികളിലേക്ക് മാറ്റിയത്.