തൊടുപുഴ: മാലിന്യ സംസ്‌കരണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ നീക്കത്തിനെതിരെ 19ന് പഞ്ചായത്ത് ഓഫീസുകളിലേക്കും നഗരസഭകളിലേക്കും മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാലിന്യസംസ്‌കരണത്തിന് പഞ്ചായത്തുകളിൽ സ്വീകരിക്കുന്ന നടപടിയോട് സഹകരിക്കുന്ന സമീപനമാണ് വ്യാപാരികൾ സ്വീകരിക്കുന്നത്. എന്നാൽ ടൗണുകളിലുണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യേണ്ട ചുമതല പഞ്ചായത്തുകൾക്കാണ്. എന്നാൽ സ്ഥാപനങ്ങളിലും പരിസര പ്രദേശങ്ങളിലും എത്തിച്ചേരുന്നവർ പൊതുസ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ അതിന്റെ പിഴ വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ജൈവം, അജൈവം, അപകടകരം എന്നിങ്ങനെ തരംതിരിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി മൂന്നുതരം വേസ്റ്റ്ബിന്നുകൾ കടയ്ക്ക് വെളിയിൽ സ്ഥാപിക്കണമെന്നും അതിനു യൂസർഫീ നൽകി സംസ്‌കരിക്കണമെന്നുമാണ് പഞ്ചായത്ത് രാജ് നിയമത്തിൽ പറയുന്നത്. യൂസർഫീ നൽകുന്നതിൽ വീഴ്ച വരുത്തിയാലും പൊതുജനങ്ങൾ മാലിന്യങ്ങൾ പരിസരത്ത് നിക്ഷേപിച്ചാലും 10,000 മുതൽ 50,000 രൂപവരെ പിഴ ഈടാക്കാനുള്ള തീരുമാനം കടുത്ത വ്യാപാരദ്രോഹ നടപടിയാണ്. കെട്ടിട നികുതിയും ലൈസൻസ് ഫീസും വർദ്ധിപ്പിച്ചത് സമീപനാളിലാണ്. ഇതിന് പുറമെയാണ് മാലിന്യത്തിന്റെ പേരിൽ വൻ തുക പിഴ ഈടാക്കുന്നത്. ഇതിനെതിരെ 19ന് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും നടത്തുന്നത്. വാർത്താസമ്മേളനത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, വൈസ് പ്രസിഡന്റുമാരായ പി.എം. ബേബി, ആർ. ജയശങ്കർ, ട്രഷറർ ആർ. രമേശ്, ഷാഹുൽ ഹമീദ്, എൻ.പി. ചാക്കോ, പി. അജീവ് എന്നിവർ പങ്കെടുത്തു.