കട്ടപ്പന: ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഈഴവ സമുദായത്തെ അവഗണിക്കുന്നുവെന്ന പരാതിയുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നേതൃസ്ഥാനങ്ങളിൽ സമുദായത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ വേർതിരിവ് കാണിക്കുകയാണ്. ഇക്കാര്യം മുമ്പ് പലതവണ കെ.പി.സി.സി. നേതൃത്വത്തെ വിവരങ്ങൾ സഹിതം ബോധ്യപ്പെടുത്തിയിട്ടും തെറ്റുതിരുത്താൻ നടപടിയുണ്ടായില്ല. വി.എം.സുധീരൻ കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ ഡി.സി.സി പ്രസിഡന്റ്, ജില്ലാ ബാങ്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എം.പി, എം.എൽ.എ എന്നീ സ്ഥാനങ്ങളെല്ലാം ചിലർ കൈയടക്കി വെക്കുന്നതായി വ്യക്തമാക്കിയിരുന്നു. സഹകരണ ബാങ്ക് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെയും കണക്കുകൾ നിരത്തി ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ വെട്ടിനിരത്തൽ നടപടിയെടുക്കുകയാണ് ജില്ലാ നേതൃത്വം ചെയ്തത്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ജോസി സെബാസ്റ്റ്യൻ, സേനാപതി വേണു എന്നിവർ മത്സരിച്ചപ്പോൾ അവരെ തോൽപ്പിക്കാൻ ഇറങ്ങിയവർ ഇപ്പോൾ പാർട്ടിയെ നയിക്കുകയാണ്. പാർട്ടി മണ്ഡലം പ്രസിഡന്റുമാരുടെ ജില്ലയിലെ ലിസ്റ്റ് വന്നപ്പോൾ 59 മണ്ഡലം പ്രസിഡന്റുമാരിൽ നാല് പേർ മാത്രമാണ് ഈഴവ സമുദായത്തിനുള്ളത്. ഈ നിലപാട് തിരുത്താൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് ഡി.സി.സി. അംഗം ഇ.കെ.വാസു, ആർ.സുദർശൻ, പി.എസ്.രാജപ്പൻ, മോഹനൻ കൊല്ലക്കാട്ട്, വി.എസ്.രാജു എന്നിവർ പറഞ്ഞു.