തൊടുപുഴ: നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ യു.ഡി.എഫിനായിരിക്കും നേട്ടമുണ്ടാകാൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് തൊടുപുഴയിൽ സംഘടിപ്പിച്ച വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർഭരണം സംസ്ഥാനത്തെ ദാരിദ്ര്യത്തിലാക്കി. ഖജനാവിൽ നയാപൈസയില്ലാത്തതിനാൽ തിരുവനന്തപുരത്ത് ഇരുന്നിട്ട് കാര്യമില്ലാത്തതിനാലാണ് മുഖ്യമന്ത്രി നാടുകാണാൻ ഇറങ്ങിയിരിക്കുന്നത്. പരാതി നേരിട്ട് നൽകി പ്രശ്‌നത്തിന് പരിഹാരമുണ്ടായാൽ ആ വ്യക്തിക്ക് സ്വർണമോതിരം സമ്മാനിക്കും. കിട്ടിയ പരാതികൾ പരിഹരിക്കാതെ ആളുകളെ കബളിപ്പിക്കുകയാണ്. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനല്ല മറിച്ച് കേന്ദ്രത്തെയും കോൺഗ്രസിനെയും കുറ്റംപറയാനുള്ള യാത്രയാക്കി മാറ്റി. സ്വന്തം ഘടകക്ഷിയിൽപ്പെട്ട എം.പി ജനകീയ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പൊതുമധ്യത്തിൽ ആക്ഷേപിച്ച മുഖ്യമന്ത്രി മാപ്പുപറയാൻ തയ്യാറാകണം. നേരത്തെ ശൈലജ ടീച്ചറിനെയും അധിക്ഷേപിച്ചു. പി.ജെ.ജോസഫ് ചടങ്ങിൽ പങ്കെടുക്കാത്തതിനെതിരെയും അദ്ദേഹം വിമർശനം നടത്തി. അന്തസുള്ളവർക്ക് പങ്കെടുക്കാൻ കഴിയാത്തപരിപാടിയായി ഇതുമാറിയിരിക്കുകയാണ്. ഗുണ്ടകളെ പ്രത്യേകം തെരഞ്ഞെടുത്താണ് ഗൺമാൻമാരായി നിയോഗിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ 80 ശതമാനം പേരെയും വെറുതെവിടുകയാണ്. പൊലീസും പ്രതികളും പ്രോസിക്യൂഷനും ഒത്തുകളിച്ചാണ് പ്രതികളെ രക്ഷിക്കുന്നത്. ഇതിന് ഉദാഹരണമാണ് വണ്ടിപ്പെരിയാർ കേസെന്നും ചെന്നിത്തല പറഞ്ഞു.
വൈകിട്ട് മൂന്നിന് നടന്ന വിചാരണസദസിൽ ചെറു ജാഥകളായി വൻജനാവലിയാണ് എത്തിച്ചേർന്നത്. ഡീൻ കുര്യാക്കോസ് എം.പി അവതരിപ്പിച്ച കുറ്റപത്രം ജനങ്ങൾ കൈയടിച്ച് പാസ്സാക്കി. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ കർഷക പ്രതിനിധി സോണി കിഴക്കേക്കര അവതരിപ്പിച്ചു. സദസിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ.എം. ഹാരിദ് സ്വാഗതം ആശംസിച്ചു. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എൻ. ഷംസുദീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.പി കെ. ഫ്രാൻസീസ് ജോർജ്, സി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, മുൻ എം എൽ.എ വി.പി. സജീന്ദ്രൻ, എ.പി. ഉസ്മാൻ, എം.ഡി. അർജുനൻ, സി.പി കൃഷ്ണൻ, കെ.എം.എ ഷുക്കൂർ, അഡ്വ. ജോസഫ് ജോൺ, യു.ഡി.എഫ് നേതാക്കളായ ടി.എം. സലീം, റോയി കെ. പൗലോസ്, ജോയി വെട്ടിക്കഴി, പ്രൊഫ. എം.ജെ. ജേക്കബ്, എം.എസ്. മുഹമ്മദ്, സുരേഷ് ബാബു, ഇന്ദു സുധാകരൻ, കെ.എസ്. സിറിയക്, എൻ.ഐ. ബെന്നി, സാം ജോർജ്, ജോസി ജേക്കബ്, നിഷ സോമൻ, പി.ജെ. അവിരാ, രാജു ഓടയ്ക്കൽ എന്നിവർ സംസാരിച്ചു.