കട്ടപ്പന: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അടുത്തവാരം ആദ്യം പൊലീസ് അപ്പീൽ നൽകും. നിലവിലെ വിധി റദ്ദ് ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കും. ഇതിനായി കേസ് സംബന്ധിച്ച ഫയലുകൾ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന് കൈമാറി. ഡി.ജി.പിയുടെ ഓഫീസിൽ നിന്നുള്ള നിയമ വിദഗ്ദ്ധർ ഇത് പരിശോധിച്ച് അപ്പീൽ തയ്യാറാക്കും. വിധിന്യായത്തിൽ അപ്പീലിനുള്ള സാദ്ധ്യതകൾ കണ്ടെത്തുന്നതിനാണ് നിയമ വിദഗ്ദ്ധർ പരിശോധിക്കുന്നത്. കട്ടപ്പന അതിവേഗ പ്രത്യേക കോടതിയാണ് പ്രതി അർജുനെ വെറുതെവിട്ടത്. അർജുനാണ് പ്രതിയെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ ആവശ്യത്തിനുണ്ടെന്നാണ് പ്രോസിക്യൂഷന്റെ അവകാശവാദം. അപ്പീൽ നൽകണമെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെയും ആവശ്യം. 2021ൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പായി ഇതിലെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ ജില്ല പൊലീസ് മേധാവി ഫയൽ മടക്കിയിരുന്നു. തുടർന്ന് വീണ്ടും കുറ്റപത്രം മാറ്റി തയ്യാറാക്കുകയായിരുന്നു. കേസിലെ നിർണ്ണായകമായ പലവിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥൻ മനഃപൂർവം ശേഖരിച്ചില്ലെന്നാണ് കോടതി വിധിയിൽ പറയുന്നത്.
വാമൂടിക്കെട്ടി പൊലീസ് സ്റ്റേഷൻ മാർച്ച്
വണ്ടിപ്പെരിയാർ: പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് ആറ് വയസുകാരിയുടെ അച്ഛനും അമ്മയുമടക്കമുള്ള ബന്ധുക്കൾ വായ്മൂടിക്കെട്ടി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സമീപവാസികളും പ്രദേശത്തെ തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇന്നലെ രാവിലെ 11.30ന് നടത്തിയ മാർച്ചിൽ നാട്ടുകാരും തൊഴിലാളികളും ചേർന്നു. കോടതി വിധി റദ്ദ് ചെയ്യുക, പുനരന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്ലക്കാർഡുമായി അച്ചടക്കത്തോടെ ദേശീയപാതയോരത്താണ് സമരം നടത്തിയത്. മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിലെത്തിയതോടെ ബന്ധുക്കളും നാട്ടുകാരും സംസാരിച്ചു. പ്രതി അർജുൻ തന്നെയാണെന്നും ഇക്കാര്യത്തിൽ സംശയമില്ലെന്നും എല്ലാവരും ഒന്നടങ്കം പറഞ്ഞു.