sathram
സത്രത്തിൽ തീർത്ഥാടകരുടെ തിക്കിലും തിരക്കിലും തകർന്ന പൊലീസ് ഔട്ട് പോസ്റ്റ് പുനർനിർമ്മിക്കുന്നു

വണ്ടിപ്പെരിയാർ: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയുടെ ഭാഗമായ സത്രത്തിൽ തീർത്ഥാടകരുടെ തിരക്ക് ക്രമാതീതമായതിനെ തുടർന്ന് അയ്യപ്പന്മാർ മണിക്കൂറുകൾ ക്യൂ നിന്ന് വലഞ്ഞു. ഇന്നലെ റെക്കാഡ് തീർത്ഥാടകരാണ്

ഇവിടെ എത്തിയത്. തിക്കിലും തിരക്കിലും പൊലീസ് എയിഡ് പോസ്റ്റ് ഭാഗികമായി തകർന്നു. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ പാസ് നൽകാതെ ഭക്തരെ കടത്തി വിട്ടു. ശരാശരി മൂവായിരത്തിലധികം പേരാണ് ഇതുവഴി ദിവസവും കടന്ന് പോയിരുന്നത്. എന്നാൽ ഇന്നലെ തിരക്ക് വലിയ തോതിൽ കൂടി. ഇതോടെ സ്‌പോട് ബുക്കിങ് പറ്റില്ലെന്നും ഓൺലൈൻ ബുക്കിങ് എടുത്ത് വേണം വരാനെന്നുമായി പൊലീസ്. ആവശ്യത്തിന് പൊലീസുകാർ ഇല്ലാതിരുന്നതിനാൽ വരുന്നവർക്ക് പാസ് നൽകി പരിശോധന പൂർത്തിയാക്കി വേഗത്തിൽ മലകയറ്റി വിടാനുമായില്ല. തിരക്ക് കൂടിയതോടെ സംഘർഷ സാദ്ധ്യതയും ഉടലെടുത്തു. വെയിലത്ത് ക്യൂവിൽ നിന്ന് മടുത്തതോടെ തീർത്ഥാടകർ പ്രതിഷേധിച്ചു. ഇതിനിടയെയാണ് തകര ഷീറ്റുകൊണ്ട് താത്കാലികമായി നിർമ്മിച്ച പൊലീസ് ഔട്ട് പോസ്റ്റ് തകർന്നത്. പിന്നീട് പ്രതിഷേധം കടുത്തതോടെ പാസ് ഇല്ലാതെ ഭക്തരെ കടത്തി വിട്ട് തലയുരൂകയായിരുന്നു പൊലീസ്. ഘോരവനത്തിലൂടെ കടന്ന് പോകുന്നതിനാൽ ഇവിടെ നിന്ന് കയറുന്നവർ കൃത്യമായി അവിടെ എത്തിയോ എന്നറിയുന്നതിനാണ് പ്രധാനമായും പൊലീസ് സ്ഥലത്ത് പാസ് നൽകുന്നത്. സ്ഥലത്ത് ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് തീർത്ഥാടകർ ആവശ്യപ്പെടുന്നത്. വനംവകുപ്പാണ് സ്ഥലത്ത് കുടിവെള്ളം, ഭക്ഷണം പോലുള്ള മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നത്. പ്രധാനപാതയിൽ തിരക്കായതോടെ ഇതുവഴി കഴിഞ്ഞ ഒരാഴ്ചയായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വണ്ടിപ്പെരിയാറിൽ നിന്ന് ഏകദേശം 14 കിലോ മീറ്ററോളം ദൂരത്താണ് സത്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമാണ് ഭക്തരെ കാനനപാതയിലൂടെ കടത്തി വിടുക. ഇവിടെ നിന്ന് സീതക്കുളം, പുല്ലുമേട്, പുങ്കാവനം, കഴുതക്കുഴി വഴി 12 കിലോ മീറ്ററോളം ദൂരമാണ് സന്നിധാനത്തേക്കുള്ളത്. സത്രം വരെ കെ.എസ്.ആർ.ടി.സി ബസും മറ്റ് വാഹനങ്ങളും എത്തും. ഇവിടെ നിന്ന് കാൽനടയായി വേണം യാത്ര തുടരാൻ.

ഇതുവരെ 37,000,​ ഇന്നലെ 5276 പേർ

ഈ മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ഇതുവരെ സത്രം വഴി സന്നിധാനത്തേക്ക് കടന്ന് പോയത് 37,000 തീർത്ഥാടകരാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ തീർത്ഥാടകർ ഇതുവഴി എത്തുന്നതായി വനംവകുപ്പും പറയുന്നു. ഇന്നലെ മാത്രം 5276 പേരാണ് എത്തിയത്. ഇത് സർവകാല റെക്കാഡാണ്. കഴിഞ്ഞ ദിവസങ്ങളിൽ പരമാവധി 3500 പേരാണ് ഒരുദിവസം കാനനപാത വഴി യാത്ര ചെയ്തത്.