തൊടുപുഴ: ന്യായവില രേഖപ്പെടുത്താത്ത ഭൂമിയ്ക്കും വില കുറച്ചു വിൽപന നടത്തിയതിന്റെ പേരിൽ (അണ്ടർ വാല്യുവേഷൻ) രജിസ്‌ട്രേഷൻ വകുപ്പ് അയയ്ക്കുന്ന റവന്യൂ റിക്കവറി അറിയിപ്പ് നോട്ടീസ് ജില്ലയിൽ ലഭിച്ചത് പതിനായിരത്തിലേറെ പേർക്ക്. കാരിക്കോട് സബ് രജിസ്ട്രേഷൻ ഓഫീസിൽ മാത്രം 1200 പേർക്കാണ് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചത്. ഭൂമി വിൽപന രജിസ്റ്റർ ചെയ്തപ്പോൾ രേഖപ്പെടുത്തിയ വിലയും ജില്ലാ രജിസ്ട്രാർമാരുടെ പരിശോധനയിൽ തിട്ടപ്പെടുത്തിയ വിലയും തമ്മിലുള്ള വ്യത്യാസത്തിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. റവന്യൂ റിക്കവറി നോട്ടീസിന് മുമ്പ് ഫോം-2,​ ഫോം-3 എന്നീ പേരുകളിൽ രണ്ട് കാരണം കാണിക്കൽ നോട്ടീസുകൾ അയക്കാറുണ്ടെന്നാണ് രജിസ്ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഭൂരിഭാഗം പേർക്കും അത് കിട്ടിയിട്ടില്ല. അവസാന നടപടിയായി റവന്യൂ റിക്കവറി നോട്ടീസ് മാത്രമാണ് പലർക്കും കിട്ടിയിട്ടുള്ളത്. ഈ നടപടി ഭൂമിവില കുറച്ചു കാണിച്ചവരുടെ കാര്യത്തിൽ ന്യായമാണെങ്കിലും അന്നത്തെ മാർക്കറ്റ് വിലയനുസരിച്ച് സ്ഥലം വാങ്ങിയ നിരവധി പേരെയാണ് വലയ്ക്കുന്നത്.

1986 മുതൽ 2017 വരെയുള്ള അണ്ടർ വാല്യുവേഷൻ കേസുകളിലായി പതിനായിരത്തിലേറെ ഭൂവുടമകൾക്ക് ഇതിനകം തപാൽ വഴി നോട്ടീസ് ലഭിച്ചു. ഭൂമി വാങ്ങിയതായി ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിലേക്കും വിലാസത്തിലേക്കുമാണ് അറിയിപ്പ് നോട്ടീസ് വരുന്നത്. അതുകൊണ്ടുതന്നെ മേൽവിലാസക്കാരെ കണ്ടെത്താതെ നോട്ടീസ് മടങ്ങിവരുന്നുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പു വാങ്ങിയ ഭൂമി ഇതിനകം പലർക്കും കൈമാറിയിട്ടുണ്ടാകാം. ഒരിക്കൽ അണ്ടർ വാല്യുവേഷൻ നോട്ടീസ് ലഭിച്ച ഭൂമി വീണ്ടും കൈമാറ്റം ചെയ്യപ്പെടുമ്പോൾ പുതിയ ഭൂവുടമയ്ക്കും നോട്ടീസ് ലഭിക്കും. കോടികൾ മുടക്കി ഭൂമി വാങ്ങുന്നവർക്ക് ഭൂമി ഇടപാട് ചെലവിൽ വൻ ഇളവു ലഭിക്കുമ്പോൾ ന്യായവില വർദ്ധന കാരണം സാധാരണക്കാർക്ക് എപ്പോഴും അധികഭാരമാണ്.

കോടതി ശരണം

'ആദ്യം ഫോം -2,​ ഫോം- 3 നോട്ടീസുകളാണ് അയക്കുന്നത്. ഇതിൽ ന്യായമായ മറുപടികൾക്ക് തുക കുറച്ച് നൽകാറുണ്ട്. അല്ലെങ്കിൽ മാർച്ച് 31 വരെ നടന്ന ഒറ്റത്തവണ തീർപ്പാക്കൽ പോലെയുള്ള അദാലത്തിലൂടെയും പരിഹരിക്കാം. ആദ്യ നോട്ടീസുകൾക്ക് കൃത്യമായ മറുപടി ലഭ്യമല്ലാതെ വരുമ്പോഴാണ് റവന്യൂ റിക്കവറി നോട്ടീസ് അയക്കുന്നത്. ഇത് കിട്ടികഴിഞ്ഞാൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ഒന്നും ചെയ്യാനാകില്ല. അവർക്ക് ജില്ലാ കോടതിയെ സമീപിക്കാം. കോടതിയിൽ അടയ്ക്കേണ്ട തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണം. "

-ജില്ലാ രജിസ്ട്രാർ കെ.ആർ. രഘു

'2005ൽ വാങ്ങിയ ഭൂമിയ്ക്ക് എന്റെ ബന്ധുവിന് അമ്പതിനായിരം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചു. ഈ കഴിഞ്ഞ 18 വർഷവും ഇതിലെന്താണ് നടപടിയെടുക്കാതിരുന്നത്. ഇക്കാലമത്രയും ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ല. എന്നാൽ റവന്യൂ റിക്കവറി നോട്ടീസ് മാത്രം കൃത്യമായി കിട്ടി. ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം."

- വി.വി. ഷാജി ,​ കോലാനി

'2006ൽ വാങ്ങിയ ഭൂമിയ്ക്ക് പതിനായിരം രൂപയിലേറെ അടയ്ക്കാനാണ് എനിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ന്യായവിലയുടെ പേരിൽ പരമാവധി പിഴിയാനുള്ള സർക്കാർ വഴിയായാണ് ഈ നടപടിയെ കാണുന്നത്. ന്യായവില സംവിധാനത്തിലെ അപാകതകൾമൂലം ദുരിതത്തിലാവുന്നത് ഈ നാട്ടിലെ ആയിരക്കണക്കിനു സാധാരണക്കാരാകും."

-കവി സുകുമാർ അരിക്കുഴ