ഇടുക്കി: നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ 27 വരെ നടക്കും. തുടർച്ചയായ 17-ാമത് വർഷമാണ് ഭാഗവത സപ്താഹ യജ്ഞം ഇവിടെ നടക്കുന്നത്. നാളെ രാവിലെ 5.30ന് നടതുറക്കും. ആറിന് ഗണപതി ഹോമം. തുടർന്ന് വിശേഷൽ പൂജ. വൈകിട്ട് 6.30ന് ആചാര്യന്മാരെയും തന്ത്രികളെയും ആദരിക്കൽ. ഏഴിന് ഭദ്രദീപ പ്രകാശനം എൻ.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിർവഹിക്കും. വിഗ്രഹ പ്രതിഷ്ഠയും അനുഗ്രഹ പ്രഭാഷണവും സുരേഷ് ശ്രീധരൻ തന്ത്രികൾ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഭാഗവത സമർപ്പണം, ആചാര്യവരണം, നിറപറ സമർപ്പണം, കലവറ നിറയ്ക്കൽ, ഭാഗവത മഹത്മ്യ പ്രഭാഷണം എന്നിവ നടക്കും. ഭാഗവത സപ്താഹ യജ്ഞാചാര്യൻ കുമേഷ് കുമാർ സൗപർണ്ണികയാണ്. സത്യൻ അയിരൂർ, പക്കാല ത്യാഗരാജൻ, എരമല്ലൂർ പ്രകാശൻ എന്നിവരാണ് യജ്ഞ പൗരാണികർ. ക്ഷേത്രം ഉദേഷ്ടാവ് ശിവഗിരി മഠത്തിലെ ബോധിതീർത്ഥ സ്വാമികളും ക്ഷേത്രം മേൽശാന്തി അമൽ മഹാദേവൻ ശാന്തികളുമാണ് മഹായജ്ഞത്തിൽ പങ്കെടുക്കുന്നത്. ആത്മീയ നിർവൃതി നേടുന്നതിനുള്ള അസുലഭ അവസരമാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികളായ ടി.കെ. സുരേഷ് ബാബു, തങ്കച്ചൻ പുത്തേട്ട്, കെ.ജെ. സുനിൽകുമാർ, വിശ്വനാഥൻ ചാലിൽ, സന്തോഷ് വാത്താത്ത് എന്നിവർ അറിയിച്ചു.