തൊടുപുഴ: ക്രിസ്തുമസ് വിപണി കൂടി സജീവമായതോടെ തൊടുപുഴ നഗരത്തിൽ വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമായി. രാവിലെ 8.30 മുതൽ 11.30 വരെയും വൈകിട്ട് 3.30 മുതൽ ഏഴ് വരെയുമുള്ള സമയങ്ങളിൽ വാഹനവുമായി ടൗണിലിറങ്ങിയാൽ കുരുക്കിൽപ്പെട്ട് വലയുമെന്ന സ്ഥിതിയാണ്. ഈ സമയങ്ങളിൽ മൂപ്പിൽകടവ് പാലം മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. വർഷങ്ങളായി മിഴിയടഞ്ഞ ഇവിടത്തെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾക്ക് പകരം രണ്ട് പൊലീസുകാർ ഗതാഗതനിയന്ത്രണത്തിനുണ്ടെങ്കിലും വലിയ പ്രയോജനമില്ല. ജംഗ്ഷനടുത്ത് തന്നെയുള്ള മൂന്ന് ബസ് സ്റ്റോപ്പുകളാണ് കുരുക്ക് ഇരട്ടിയാക്കുന്നത്. ഒന്നിന് പിന്നാലെ മറ്റൊന്നായി വന്നുപോകുന്ന ബസുകൾ സ്റ്റോപ്പിൽ നിറുത്തുമ്പോൾ പിറകിൽ നിന്ന് വരുന്ന വാഹനങ്ങൾ കടന്നുപോകാനാകാതെ കുടുങ്ങുന്നു. തൊടുപുഴ- മൂവാറ്റുപുഴ റോഡിലും കുരുക്ക് രൂക്ഷമാണ്. ഇതിനിടെ ഏതെങ്കിലും സംഘടനകളുടെ പ്രകടനങ്ങളോ മറ്റോ ഉണ്ടെങ്കിൽ നഗരം നിശ്ചലമാകുന്ന സ്ഥിതിയാണ്. അതുപോലെ മാർക്കറ്റ് റോഡിൽ തിരക്കേറിയ സമയങ്ങളിൽ വലിയ ലോറികൾ യാതൊരു നിയന്ത്രണവുമില്ലാതെ ചരക്കിറക്കുന്നത് വലിയ തോതിൽ ബ്ലോക്കിന് കാരണമാകുന്നുണ്ട്. റോഡിന്റെ രണ്ട് വശങ്ങളിലും വലിയ ലോറികൾ നിറുത്തിയിടുന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല. ഈ സമയം ബസുകളും ഇതുവഴിയെത്തുന്നതോടെ പൂർണമായും സ്തംഭിക്കും. രാവിലെയും വൈകിട്ടും ലോറികൾ റോഡരികിൽ നിറുത്തി ചരക്കിറക്കുന്നതിന് നിരോധിച്ചിട്ടുണ്ടെങ്കിലും പാലിക്കാറില്ല. രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റുകളുള്ള കാഞ്ഞിരമറ്റം ബൈപാസ് വഴിയും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. അടുത്തടുത്ത് രണ്ട് ഓട്ടോറിക്ഷാ സ്റ്റാൻഡുകളുള്ള ഇവിടെ മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും കൂടി റോഡരികിൽ നിറുത്തിയിടുമ്പോൾ ബസുൾപ്പെടെയുള്ള മറ്റ് വണ്ടികൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. പാലാ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്തും വാഹനങ്ങളുടെ തിരക്കിന് കുറവില്ല. യാത്രക്കാരെ കയറ്റിയിറക്കി ബസുകൾ ഇഴഞ്ഞ് നീങ്ങുന്നതും അനധികൃത പാർക്കിംഗും ഇടുക്കി റോഡിലും കുരുക്ക് കൂട്ടുന്നുണ്ട്. ബൈപാസുകൾ തിരഞ്ഞെടുക്കാതെ കൂടുതൽ വാഹനങ്ങൾ നഗരകവാടത്തിലേക്ക് കടന്നെത്തുന്നതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് മറ്റൊരു കാരണം. വെങ്ങല്ലൂർ ഷാപ്പുംപടിയിൽ മങ്ങാട്ടുകവലയിൽ നിന്ന് ബൈപാസ് വഴിയെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസും രംഗത്തില്ല. ഇതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കുകയാണ്.
ടൗൺ ടൗൺ
സർവീസ് വേണം
വലിയ നഗരങ്ങളിലെ പോലെ കോതായിക്കുന്ന് സ്റ്റാൻഡിൽ നിന്ന് മങ്ങാട്ടുകവല സ്റ്റാൻഡിലേക്ക് ടൗൺ ടു ടൗൺ ബസ് സർവീസ് തൊടുപുഴയിലും ആരംഭിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. പ്രൈവറ്റ് ബസുകൾ ടൗൺ ചുറ്റാതെ നേരെ കോതായിക്കുന്ന് ബസ് സ്റ്റാൻഡിലോ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലോ എത്തി യാത്ര അവസാനിപ്പിച്ചാൽ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിന്റെയും കോതായിക്കുന്ന് ബസ് സ്റ്റാൻഡിന്റയും ചറ്റുപാടുള്ള പ്രദേശങ്ങളിലെ വികസനത്തിന്റെ വേഗത വർദ്ധിക്കുകയും ചെയ്യും.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.ജെ. ജോസഫ് എം.എൽ.എ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ഫ്ലൈ ഓവർ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് മറ്റ് നടപടികളൊന്നുമുണ്ടായില്ല. ഫ്ലൈഓവർ യാഥാർത്ഥ്യമായാൽ പ്രദേശത്തെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകും.