landslide

നെടുങ്കണ്ടം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ ബോഡിമെട്ട് ചുരത്തിൽ തിങ്കളാഴ്ച അർദ്ധരാത്രി മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിൽ മൂന്നിടങ്ങളിലാണ് മണ്ണിടിഞ്ഞത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകിട്ട് നാല് മുതൽ തുടങ്ങിയ മഴ ഇപ്പോഴും മേഖലയിൽ തുടരുകയാണ്. ബോഡിമെട്ട് മലയോര റോഡിൽ കൊണ്ടൈസൂചി വളവിലാണ് ആദ്യം മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനൊപ്പം മരങ്ങളും പാറക്കഷണങ്ങളും വീണതോടെ രാത്രി പത്ത് മണി മുതൽ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഗതാഗതം തടസ്സപ്പെട്ടു. അർദ്ധരാത്രിയോട് കൂടിയും പുലർച്ചയും വീണ്ടും മൂന്തലിന് സമീപം മണ്ണിടിയുകയായിരുന്നു. ഇതോടെ ചെക്പോസ്റ്റുകളിൽ ഗതാഗതം തടഞ്ഞു. നേരം പുലർന്നതിന് ശേഷമാണ് മണ്ണ് മാറ്റുന്ന നടപടികൾ ആരംഭിച്ചത്. ഈ വർഷം ഇത് പതിമൂന്നാം തവണയാണ് മേഖലയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുന്നത്. രാത്രികാലങ്ങളിൽ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെയുള്ള യാത്ര അതീവ ജാഗ്രതയോടെ വേണം എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.