
തൊടുപുഴ: മാലിന്യ നിർമാർജ്ജനം വ്യാപാരികളുടെ മാത്രം ഉത്തരവാദിത്ത മായി കണ്ട് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നതിനെതിരെ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ മൂന്ന് വ്യത്യസ്ത തരം ബിന്നുകൾ സ്ഥാപിച്ച് കച്ചവട സ്ഥാപനങ്ങളിൽ ഇടപാട് നടത്താത്തവരുടെ ഉൾപ്പെടെ മാലിന്യം വ്യാപാരികൾ സ്വീകരിക്കണമെന്നുള്ള നിലപാടും യുക്തിക്ക് നിരക്കാത്ത നിബന്ധനകളും അടങ്ങിയ പുതിയ മാലിന്യ നിർമ്മാർജ്ജന നിയമവുമാണ് പ്രതിഷേധത്തിന് കാരണം. തൊടുപുഴ മുനിസിപ്പൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആർ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. വേണ്ടത്ര ആലോചനകളും മുന്നൊരുക്കങ്ങളും ഇല്ലാതെ വ്യാപാരികളെ മാലിന്യം സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥർ മാലിന്യം എങ്ങനെ സംസ്‌കരിക്കും എന്നും കൂടി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കച്ചവടസ്ഥാപനങ്ങൾ മാലിന്യവാഹിനികളാക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മാലിന്യ നിർമാർജ്ജന സംവിധാനത്തോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച വ്യാപാരികളെ ദ്രോഹിക്കരുതെന്നും അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പറഞ്ഞു. അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച്. കനി, കെ. വിജയൻ, സി.ജെ. ജെയിംസ്, വേണു ഇ.എ.പി, സി.കെ. അബ്ദുൾ ഷെരീഫ്, പ്രശാന്ത് കുട്ടപ്പാസ്, താജു എം.ബി, യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി, പട്ടയംകവല യൂണിറ്റ് ജനറൽ സെക്രട്ടറി മൊയ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.