തൊടുപുഴ: തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനും ക്ഷീര മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമായി ക്ഷീരലയം പദ്ധതിക്ക് തുടക്കമാകുന്നു. ഇടുക്കി, വയനാട് ജില്ലകൾക്കായി ക്ഷീരവികസന വകുപ്പ് വികസിപ്പിച്ച പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുകയാണ്. തോട്ടം തൊഴിലാളികൾക്ക് പശുവളർത്തലിലൂടെ സ്ഥിരവരുമാനവും പാൽ ഉത്പ്പാദന വർദ്ധനവും ലക്ഷ്യമിട്ടുള്ള പദ്ധതി മൂന്നാറിലാണ് ആരംഭിക്കുക. തൊഴിലാളികളുടെ പശുക്കൾ തുറന്നസ്ഥലത്ത് മേയുന്നതും അവയെ വന്യജീവികൾ ആക്രമിക്കുന്നതും പതിവാണ്. ഇതിന് ക്ഷീരലയം പദ്ധതി പരിഹാരമാകുമെന്ന് അധികൃതർ പറഞ്ഞു.

പദ്ധതിയിലൂടെ 10 പേർക്കായി 10 പശുക്കളെ ഉൾക്കൊള്ളുന്ന തൊഴുത്ത്(കമ്യൂണിറ്റി ക്യാറ്റിൽ ഷെഡ്) വകുപ്പ് നിർമിച്ച് നൽകും. പശുക്കൾക്ക് ഉൾപ്പെടെ 14 ലക്ഷം രൂപയാണ് ചെലവ്. ഇതിൽ 11 ലക്ഷവും സബ്‌സിഡിയാണ്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്(കെഡിഎച്ച്പി) നൽകുന്ന സ്ഥലത്താണ് ക്ഷീരലയം നിർമിക്കുക. കമ്പിനി നൽകുന്ന 50 സെന്റിൽ പുൽകൃഷിയും ആരംഭിക്കും. ചാണകത്തിൽനിന്നുള്ള ബയോഗ്യാസും ഈ കുടുംബങ്ങൾക്ക് നൽകും. മൂന്നാർ ലക്ഷ്മി ക്ഷീരസംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ് ആദ്യഗുണഭോക്താക്കൾ. പീരുമേട്ടിൽ ക്ഷീരലയം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.



പാൽ ഉത്പ്പാദനം വർദ്ധിക്കും
ജില്ലയിൽ ഈ വർഷം പാൽ ഉൽപ്പാദനം ക്രമാനുഗതമായി വർധിച്ചേക്കും. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിൽ ലഭിച്ച ഉത്പ്പാദന തോത് നിലനിർത്താനാകും. 2021–22 സാമ്പത്തിക വർഷത്തിൽ 6.70 കോടി ലിറ്റർ പാലാണ് ജില്ലയിൽ ഉത്പ്പാദിപ്പിച്ചത്. 2022–23ൽ ഇത് 6.29 ആയി. ഈ സാമ്പത്തിക വർഷം ഇതുവരെ നാല് കോടിക്കടുത്ത് ലിറ്റർ ഉത്പ്പാദിപ്പിച്ചു. മേഖലയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാൻ കിടാരി പാർക്കുകൾ സംസ്ഥാനത്ത് ആരംഭിച്ചതിൽ ആദ്യത്തേത് ജില്ലയിലെ വാത്തിക്കുടിയിലാണ് സ്ഥാപിച്ചത്.
കാലിത്തീറ്റയുടെ വിലവർധന ക്ഷീരകർഷക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാലിത്തീറ്റയ്ക്കൊപ്പം പച്ചപ്പുൽ നൽകുന്നത് തീറ്റ വില പിടിച്ചുനിർത്തും. പശുക്കൾക്ക് ഗർഭധാരണത്തിനും തൂക്കം കൂടാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ജില്ലയിൽ എല്ലാ വർഷവും നൂറ് ഹെക്ടറിലേറെ സ്ഥലത്ത് പുൽകൃഷിക്കുള്ള ധനസഹായവും സൗജന്യ പുൽക്കട വിതരണവുമുണ്ട്.