
നെടുംകണ്ടം : എസ്.എൻ.ഡി.പി യോഗത്തെയും എസ് .എൻ ട്രസ്റ്റിനെയുംകുറിച്ച് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് കേവലം വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണെന്നും അവരുടെ ലക്ഷ്യം സംഘടനയുടെ വളർച്ചയല്ല സംഘടന തകർക്കാനുള്ള ഗൂഢമായ ശ്രമമാണ് നടത്തുന്നതെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ കക്ഷികൾ ഈഴവ ജനതയെ പാടെ അവഗണിക്കുകയാണെന്നും എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ പത്താമത് പിറന്നാൾ ആഘോഷവും നേതൃസംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ഒരു സഹകരണ സംഘത്തിന്റെ ബോർഡിലേക്ക് പോലും ഈഴരെ മത്സരിപ്പിക്കുന്നതിന് ഒരു രാഷ്ട്രീയപാർട്ടിയും തയ്യാറാകാത്തത് ഭാവിയിൽ രാഷ്ട്രീയ കക്ഷികൾക്ക് കനത്ത ദോഷം ചെയ്യുമെന്ന് യൂണിയൻ പ്രസിഡന്റ് പറഞ്ഞു. യോഗം കൗൺസിലർ പി.ടി മന്മഥൻ സംഘടന ക്ലാസ് എടുത്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലക്കൽ, യോഗം ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ പിറന്നാളിനോടനുബന്ധിച്ച് സ്വീറ്റ് ബോക്‌സ് വിതരണവും പിറന്നാൾ പതിപ്പ് കലണ്ടറും വിതരണം ചെയ്തു. യൂണിയൻ കൗൺസിലർമാരായ പി .മധു കമലാലയം ,സുരേഷ് ചിന്നാർ, സി എം ബാബു പഞ്ചായത്ത് കമ്മിറ്റി അംഗം ശാന്തമ്മ ബാബു തുടങ്ങിയവരും യൂണിയൻ രൂപീകരണ കമ്മിറ്റി അംഗങ്ങളും യൂണിയന്റെയും പോഷക സംഘടനകളുടെയും മുൻ ഭാരവാഹികളും യൂണിയനിലെ 19 ശാഖകളിലെയും ശാഖ ഭരണസമിതി അംഗങ്ങളും ശാഖ വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരും ഉൾപ്പെടെ യുള്ളവർ പങ്കെടുത്തു.