അളവോ തൂക്കുമോ

വിലവിവരപ്പട്ടികയോ ഇല്ല

കുമളി: ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി കുമളിയിലെ ഹൽവ ചിപ്‌സ് വ്യാപാര സ്ഥാപനങ്ങൾ. ഒരു കടയിൽ പോലും വിലവിവര പട്ടികയോ സ്റ്റോക്ക് രേഖപ്പെടുത്തുകയും ചെയ്തിട്ടില്ല. ഭക്ഷ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് വേണ്ട ലൈസൻസുകൾ ഒന്നും ഇല്ലാതെ കുമളിയിൽ അനേകം കടകളാണ് പ്രവർത്തിക്കുന്നത്. ശബരിമല സീസൺ ആരംഭിച്ചതോടെ ടൺ കണക്കിന് ഹൽവയും ചിപ്‌സുമാണ് കുമളിയിൽ വിൽപന നടത്തുന്നത്. ഇവയൊക്കെയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്താണെന്ന് കേട്ടിട്ട് പോലുമില്ലാത്ത രീതിയിലാണ് വിൽപ്പന നടത്തുന്നത്.
അയൽ സംസ്ഥാനങ്ങളിൽ നിർമ്മിച്ച് തകര പെട്ടികളിലാക്കി എത്തിക്കുന്ന ഹൽവയ്ക്ക് വിവിധ കളറുകളാണ്. ഈ കളറുകൾ ആരോഗ്യത്തിന് ഹാനി കരമാണെന്ന് കണ്ടെത്തി ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഇവ കാലാവധി കഴിഞ്ഞതാണോ എന്നതറിയാൻ പാക്കറ്റുകളിൽ ലേബലുമില്ല. സാധാരക്കാരായ കച്ചവടക്കാരുടെ കടകളിൽ പരിശോധന നടത്തി വൻ തുകകൾ പിഴ ചുമത്തുന്ന ഫുഡ് സേഫ്ടി വിഭാഗം ശമ്പരിമല തീർത്ഥാടന കാലം ആരംഭിച്ചതിൽ പിന്നെ കുമളി ഭാഗത്തേയ്ക്ക് എത്തി പോലും നോക്കുന്നില്ലന്ന് പരാതിയുണ്ട്.
കുമളിയിലെ സീസൻ കടകളിൽ വിൽപത നടത്തുന്നതിലേറേയും ഭക്ഷ്യ വസ്തുക്കൾ തന്നെയാണെന്നതാണ് യാഥാർത്ഥ്യം. ഇതിൽ ഒന്നിനു പോലും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസൻസ് ഉള്ളതായി കാണുന്നില്ല.
എവിടെയും

നിരോധിത പ്ളാസ്റ്റിക്

ഇവിടെ പ്ലാസ്റ്റിക് നിരോധനവും നടപ്പിലാക്കിയിട്ടില്ല. നിരോധിക്കപ്പെട്ട അളവിലുള്ള പ്ലാസ്റ്റിക് സഞ്ചികൾ വൻ തോതിൽ ഇവിടേ എത്തിച്ചിട്ടുണ്ട്. വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇവയൊക്കെ വിൽക്കാൻ ജീവനക്കാർ റോഡിലിറങ്ങി അയ്യപ്പന്മാരുമായെത്തുന്ന വാഹനങ്ങൾ തടയുന്നത് പലപ്പോഴും സംഘർഷത്തിനിടയാക്കുന്നുണ്ട്.