 31 വരെ സന്ദർശിക്കാം, ബുധനാഴ്ച അനുമതി ഇല്ല

ചെറുതോണി: സുരക്ഷാ വീഴ്ചയെ തുടർന്ന് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ച ഇടുക്കി,​ ചെറുതോണി ഡാമുകൾ 31 വരെ സന്ദർശകർക്കായി തുറന്നുനൽകും. ക്രിസ്തുമസ്- പുതുവത്സരത്തോടനുബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് പ്രത്യേക അനുമതി നൽകിയത്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധമാഴ്ച ദിവസങ്ങൾ നീക്കിവെച്ചിരിക്കുന്നതിനാൽ അന്നേ ദിവസം പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുന്നതല്ല. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് പാസ് അനുവദിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.
ഡാമിന്റെ സുരക്ഷ ഭീഷണി നിലനിന്നിരുന്നതിനാൽ ഏതാനും മാസങ്ങളായി ഡാമിൽ സന്ദർശന അനുമതി നൽകിയിരുന്നില്ല. എന്നാൽ ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ഡാം സേഫ്ടിയുടെയും ജില്ലാ പൊലീസ് അധികാരിയുടെയും പ്രത്യേക യോഗം വിളിച്ചുചേർത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിരുന്നു. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് ക്രിസ്തുമസ്- പുതുവത്സര വേളയിൽ ഇടുക്കിയിലെത്തുന്ന സന്ദർശകരുടെ തിരക്കും ടൂറിസം രംഗത്തെ ഇടുക്കിയുടെ ഭൂപ്രകൃതിയും പരിഗണിച്ച് പ്രത്യേക അനുമതി നൽകുകയായിരുന്നു.

സുരക്ഷാവീഴ്ച്ച

പ്രശ്നമായി

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി സംഭരണിയിൽ കഴിഞ്ഞ ജൂലായ് 22നാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സഞ്ചാരിയായി എത്തിയ യുവാവ് അണക്കെട്ടിലെ ഹൈമാസ്റ്റ് ലൈറ്റുകൾ താഴിട്ട് പൂട്ടുകയും ഷട്ടറിന്റെ റോപ്പുകളിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്യുകയായിരുന്നു. ചെറുതോണി ഡാമിന് സമീപം ഏഴ് സ്ഥലത്തായി 11 താഴുകളാണ് കെ.എസ്.ഇബി കണ്ടെത്തിയത്. പിന്നാലെ അഞ്ചിനാണ് പൊലീസ് കേസെടുക്കുന്നത്. സംഭവത്തിൽ കുറ്റക്കാരനെന്ന് കരുതുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി കഴിഞ്ഞമാസം വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല.