അറക്കുളം: കൊവിഡിന്റെ പുതിയ വകഭേദം അറക്കുളം പഞ്ചായത്ത് പ്രദേശത്ത് സ്ഥിരീകരിച്ചെന്നത് വ്യാജ പ്രചരണമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. പനിയും ചുമയുമുള്ള വ്യക്തി അറക്കുളം സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. ഇദ്ദേഹത്തെ പരിശോധിച്ച് മരുന്ന് നൽകുകയും അസുഖം കുറയാതെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
വ്യാജ സന്ദേശം ഇങ്ങനെ: 'അറക്കുളത്ത് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു, എല്ലാവരും കരുതിയിരിക്കുക, ഏവരും മാസ്‌ക്ക്, സാനിറ്റൈസർ എന്നിങ്ങനെ സുരക്ഷ സംവിധാനങ്ങൾ ഉപയോഗിക്കുക, പൊതു സ്ഥലങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പോകുക, അല്ലാത്ത സമയങ്ങളിൽ യാത്രകൾ പരമാവധി ഒഴിവാക്കുക, പഴയ രീതിയിൽ കൊവിഡ് വ്യാപിക്കാൻ സാദ്ധ്യതയുണ്ട്, അറക്കുളം പഞ്ചായത്തിൽ ഒരു കൊവിഡ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അത് വളരെ വേഗം വ്യാപിക്കാൻ സാദ്ധ്യതയുണ്ട്, കൊവിഡ് സ്ഥിരീകരിച്ച വ്യക്തി മൂലമറ്റം ടൗൺ വരെ യാത്ര ചെയ്തിട്ടുണ്ട്, മൂലമറ്റം ടൗണിൽ നിന്നാണ് ആ വ്യക്തിയിലേക്ക് പടർന്നത്, മൂലമറ്റത്ത് കൊവിഡ് വ്യാപകമായിട്ടുണ്ട്, അത് കൊണ്ട് ഏവരും ജാഗ്രത പാലിക്കണം" എന്നിങ്ങനെ സ്ത്രീ ശബ്ദത്തിലുള്ള ഓയിസ് ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ഇന്നലെ വൈറലായിരുന്നു. തുടർന്ന് ജനങ്ങൾ ഏറെ ആശങ്കയിലായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ജനങ്ങൾ ആരോഗ്യ വകുപ്പ് അധികൃതരെ സമീപിച്ചപ്പോഴാണ് വ്യാജ പ്രചരണമാണെന്ന് ബോദ്ധ്യമായത്.