k

'ഇങ്ങനാണോ സാറേ നീതി... ഞങ്ങളുടെ പൊന്നുമോളെ കൊന്നുകളഞ്ഞില്ലേ.. ഞങ്ങൾക്ക് 14 വർഷം കാത്തിരുന്ന് കിട്ടിയതാ അവളെ"

കട്ടപ്പനയിലെ കോടതിവരാന്തയിൽ അലമുറയിട്ട് കരഞ്ഞുകൊണ്ട് ഈ അമ്മ പറഞ്ഞ വാക്കുകൾ കേട്ടുനിന്ന ഓരോരുത്തരുടെയും നെഞ്ചിലെ വിങ്ങലായിരുന്നു. 14 വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ നിരന്തരം പീഡിപ്പിച്ച് കെട്ടി തൂക്കി കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ട കോടതി വിധി ആ അമ്മയ്ക്കും അച്ഛനും മാത്രമല്ല നാടിനാകെ വലിയ ഞെട്ടലായിരുന്നു. വിധിയ്ക്ക് പിന്നാലെ നാടെങ്ങും വ്യാപക പ്രതിഷേധവും. രാഷ്ട്രീയഭേദമന്യേ എല്ലാ പാർട്ടികളും പ്രതിഷേധ രംഗത്തുണ്ട്. കേസ് അന്വേഷിച്ച പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് കോടതി വിധിന്യായത്തിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണെന്ന് പറഞ്ഞ കോടതി,​ സംഭവ സ്ഥലത്ത് നിന്നുള്ള തെളിവുകൾ ശേഖരിക്കുന്നതിൽ ഉദ്യോഗസ്ഥന് വലിയ വീഴ്ച പറ്റിയെന്നും വ്യക്തമാക്കുന്നു. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണം ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചത്. വിരലടയാള വിദഗ്ദ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിലും വീഴ്ചയുണ്ട്.

ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിലും കൃത്യതയുണ്ടായില്ല. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും വിധിയിൽ പറയുന്നു. എന്നാൽ ലൈംഗിക ചൂഷണം നടന്നെന്നുള്ള വാദം കോടതി അംഗീകരിക്കുന്നുണ്ട്. കേസിൽ പ്രതിയായിരുന്ന അർജുനെതിരെ സാഹചര്യ തെളിവുകളും സംശയിക്കുന്ന വിവരങ്ങളും മാത്രമാണ് അന്വേഷണ സമയത്ത് പൊലീസിന്റെ പക്കലുണ്ടായിരുന്നത്. എന്നാൽ വേണ്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ പൊലീസിനായിട്ടില്ല.

ക്രൂരത രണ്ട്

വർഷം മുമ്പ്

2021 ജൂൺ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അന്ന് പൊലീസ് നൽകിയ വിവരം ഇങ്ങനെ: കൊല നടന്ന ദിവസം ഉച്ചയോടെ അർജുൻ വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ ജോലിയ്ക്ക് പോയിരുന്നു. ഈ സമയം കുട്ടി തനിച്ചിരുന്ന് ടി.വി കാണുകയായിരുന്നു. കുട്ടിയെ മിഠായി നൽകി വശീകരിച്ച് സമീപത്തെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടെ ബോധരഹിതയായി. മരിച്ചെന്ന് തെറ്റിദ്ധരിച്ച് വാഴക്കുല തൂക്കിയിരുന്ന ഉത്തരത്തിലെ കയറിൽ കെട്ടിത്തൂക്കി. എന്നാൽ ഈ സമയത്ത് കുട്ടി പിടഞ്ഞ് മരിക്കുകയായിരുന്നു.

വാതിൽ അകത്ത് നിന്നടച്ച അർജുൻ ഗ്രില്ലില്ലാത്ത ജനലിലൂടെ പുറത്തുകടന്ന് വീട്ടിലേക്ക് മടങ്ങി. വൈകിട്ട് മൂന്നോടെ 17കാരനായ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വയസ് മുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയ്ക്ക് ഈ വീട്ടിൽ ലഭിച്ച സ്വാതന്ത്ര്യവും മാതാപിതാക്കൾ ജോലിയ്ക്ക് പോകുന്ന സമയവും മുതലെടുത്താണ് പീഡനം തുടർന്നത്. ഇതിനായി കുട്ടിയ്ക്ക് പ്രതി മിഠായി വാങ്ങി നൽകിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് സർക്കാർ. കുടുംബവും നീതി തേടി പ്രത്യേകം അപ്പീൽ നൽകുമെന്നാണ് വിവരം.

മൂന്നാറിലെ എട്ട്

വയസുകാരിയെ മറന്നോ...

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ ഉറ്റവരെ പോലെ തന്നെ നാല് വർഷത്തിലേറെയായ നീതി നിഷേധത്തിന്റെ കഥ പറയാനുണ്ട് മൂന്നാറിലെ ഒരു എട്ടു വയസുകാരിയുടെ ബന്ധുക്കൾക്കും. മൂന്നാർ ഗുണ്ടുമലയിലാണ് എട്ടു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച് നാല് വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിക്കാത്തത്. 2019 സെപ്തംബർ ഒമ്പതിനായിരുന്നു ഗുണ്ടുമല അപ്പർ ഡിവിഷനിലെ വീടിനുള്ളിൽ എട്ടു വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് വള്ളി കഴുത്തിൽ ചുറ്റി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃദേഹം.

ഊഞ്ഞാലാടി കളിക്കുന്നതിനിടെയുണ്ടായ അപകടമരണമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടി ക്രൂരമായ പീഡനത്തിനിരയായതായി കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങിയത്. പെൺകുട്ടി ഒന്നരവർഷത്തോളം ലൈംഗികചൂഷണത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെ നർക്കോട്ടിക് ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറിയെങ്കിലും കുട്ടിയെ ചൂഷണം ചെയ്തത് ആരാണെന്ന് മാത്രം കണ്ടെത്താനായില്ല. ഫോറൻസിക് വിദഗ്ദരടങ്ങുന്ന സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും ഡമ്മി പരീക്ഷണത്തിലും മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ കെട്ടി തൂക്കിയതോ പ്ലാസ്റ്റിക് വള്ളി കഴുത്തിൽ വലിച്ചു മുറുക്കിയോ ആണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് മുൻ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ കുട്ടിയുടെ അടുത്ത ബന്ധുക്കളിലേക്കടക്കം അന്വേഷണം നീണ്ടു. ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല.

സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ ഒരാളെയാണ് മാതാപിതാക്കൾക്ക് സംശയം. കുട്ടിയെ മരിച്ചനിലയിൽ ആദ്യം കണ്ടത് ഇയാളാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇയാളെയും പൊലീസ് സംഘം നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല. ഏകദേശം നൂറോളം കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. അതിനാൽ സംഭവം നടന്നയുടൻ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ പെൺകുട്ടിയെ ചൂഷണം ചെയ്താളെ കണ്ടുപിടിക്കാൻ കഴിയുമായിരുന്നു. വാളയാറിലും വണ്ടിപ്പെരിയാറിലും ഉണ്ടായതുപോലെ രാഷ്ട്രീയ ഇടപെടൽ ഇവിടെ ഉണ്ടായില്ലെന്നതും അന്വേഷണത്തിന്റെ മെല്ലെപ്പോക്കിന് കാരണമായി.

ഒരു കൊച്ചുകുഞ്ഞിനെ നിരന്തരം പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ഇപ്പോഴും പൊതുസമൂഹത്തിൽ സ്വസ്ഥമായി ജീവിക്കുന്നത് പ്രദേശത്തെ കുട്ടികളുള്ള ഓരോ മാതാപിതാക്കളിലും സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. കേസ് ഇപ്പോൾ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അഗസ്റ്റിൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

അന്വേഷണം ആരംഭിച്ച് രണ്ട് മാസമാകുമ്പോൾ പ്രതിയെക്കുറിച്ച് സൂചനയുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ലാത്തതിനാൽ മുന്നോട്ടു പോകാനാകാതെ വഴിമുട്ടി നിൽക്കുകയാണ് സംഘം. എങ്കിലും ശ്രമം ഉപേക്ഷിക്കാൻ അന്വേഷണസംഘം തയ്യാറല്ല. വരുംദിവസങ്ങളിൽ പ്രതിയിലേക്ക് നയിക്കുന്ന വ്യക്തമായ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. കുട്ടിയുടെ മരണം നടന്ന് നാലു വർഷം പൂർത്തിയായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ മാതാവ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.