ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ താഴ്‌വാരത്തിൽ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വിദിച്ച് താമസിക്കാൻ ടൂറിസം വകുപ്പ് ഒരുക്കിയ ഇക്കോ ലോഡ്ജ് ബമ്പർ ഹിറ്റ്. ഇക്കോ ലോഡ്ജ് ആരംഭിച്ച് ഒന്നരമാസം പോലുമാകും മുമ്പ് അഞ്ച് ലക്ഷം രൂപയുടെ വരുമാനം. അതിൽ 4.25 ലക്ഷം രൂപയും കുട്ടിയത് ഈ മാസമാണ്. ക്രിസ്മസ്- പുതുവർഷാഘോഷത്തിനായി നിരവധി പേരാണ് ഇക്കോ ലോഡ്ജിലെ കോട്ടേജുകൾ ബുക്ക് ചെയ്തിരിക്കുന്നത്. ഈ മാസം 23, 24, 25, 29, 31 തീയതികളിൽ ആകെയുള്ള 12 കോട്ടേജുകളും ബുക്ക് ചെയ്തിരിക്കുകയാണ്. ബാക്കിയുള്ള ദിവസങ്ങളിൽ 10 കോട്ടേജുകളും ബുക്ക് ചെയ്തിരിക്കുകയാണ്. ന്യൂ ഇയർ കഴിയുന്നത് വരെയാണ് മുൻകൂർ ബുക്കിംഗ് കൂടുതലുള്ളത്. നവംബർ ഒമ്പതിന് ഇക്കോ ലോഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതിന് ശേഷം കഴിഞ്ഞ മാസം 75,9900 രൂപയോളം വരുമാനം ലഭിച്ചു. റസ്റ്റോറന്റിലെ വരുമാനം കൂടി ചേർത്താണിത്. കേരളീയത തുളുമ്പി നിൽക്കുന്ന ഒന്നിനൊന്നു മെച്ചമായ അത്യാധുനികമായ താമസയിടങ്ങളിൽ ഉറങ്ങി ഉണരുമ്പോൾ മഴവിൽ ആകൃതിയിൽ തലയെടുപ്പോടെ നിൽക്കുന്ന ആർച്ച് ഡാം കണികണ്ടുണരാമെന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകൾ നിർമിച്ചിരിക്കുന്നത്. പൂർണമായും തടികൊണ്ട് നിർമ്മിച്ച കോട്ടേജുകളെല്ലാം എയർ കണ്ടീഷൻ ചെയ്തതാണ്. ഒരു ഡബിൾ ബെഡ്‌റൂം, കുളിമുറി, സിറ്റൗട്ട് എന്നിവയടങ്ങിയതാണ് ഒരു കോട്ടേജ്. ചെറുതോണിയിൽ നിന്ന് പുളിയന്മല റോഡിൽ ഒന്നര കിലോമീറ്റർ മുമ്പോട്ടു സഞ്ചരിച്ചാൽ വലത് വശത്ത് ഇക്കോ ലോഡ്ജിന്റെ ബോർഡ് കാണാം. വിനോദസഞ്ചാരികൾക്ക് പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല, പത്തു കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹിൽവ്യൂ പാർക്ക്, ഇടുക്കി ഡി.ടി.പി.സി പാർക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാൽവരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാം. പദ്ധതിയുടെ നിർമ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാനസർക്കാരിൽ നിന്ന് 2.78 കോടി രൂപയും കേന്ദ്രസർക്കാരിൽ നിന്ന് സ്വദേശ് ദർശൻ പദ്ധതി മുഖേന 5.05 കോടി രൂപയുമാണ് അനുവദിച്ചത്. പ്രതിദിനം നികുതിയുൾപ്പെടെ 4130 രൂപയാണ് ഈടാക്കുന്നത്. നിലവിൽ ഓൺലൈൻ വഴി മാത്രമാണ് ബുക്കിംഗുള്ളത്. വിനോദ സഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org/yatrinivas വഴി ഓൺലൈനായി ബുക്ക് ചെയ്യാം.