തൊടുപുഴ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ മെഡിസെപ്പ് പദ്ധതി അംഗങ്ങൾക്ക് പ്രയോജപ്പെടാത്തതിനാൽ പദ്ധതിയിൽ നിന്നും പിൻമാറേണ്ടവരെ അതിന് അനുവദിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പദ്ധതിക്കായി കരാറിലേർപ്പെട്ടിട്ടുള്ള ആശുപത്രികളിൽ പോലും ഭൂരിഭാഗം ചികിത്സകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. മിക്ക താലൂക്കുകളിലും ഒരാശുപത്രിയിൽ പോലും മെഡിസെപ്പ് സേവനം ലഭ്യമല്ല. പങ്കാളികൾ രണ്ടു പേരും പെൻഷൻകാരാണെങ്കിൽ രണ്ടു പേരും പദ്ധതിയിൽ ചേരണമെന്ന വ്യവസ്ഥയും യുക്തി സഹമല്ല.ഈ അവസ്ഥയിൽ പദ്ധതി തികച്ചും പരാജയമാണെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് വി.എം. മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ മൈക്കിൾ സിറിയക്, പി. രാധാകൃഷ്ണക്കുറുപ്പ്, ഡോ.വർഗ്ഗീസ് പേരയിൽ, ജയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ,പി.ജെ. മാത്യു, ശൂരനാട് ഷാജി, ജോയ് അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.