കുമളി: കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നും ഭക്തിനിർഭരമായ തുടക്കം.

എസ്.എൻ .ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ,മലനാട്,യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ എചേർന്ന് പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിസംബർ29 ന് തീർത്ഥാടകർ ശിവഗിരിയിൽ എത്തിച്ചേരും.91ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഉള്ള കിഴക്കൻ മേഖല പദയാത്ര 10 ദിവസങ്ങളിലായി വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചാണ് ചക്കുപള്ളത്തു നിന്നും ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരുന്നത്. പദയാത്രയ്ക്ക് മുന്നോടിയായി ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ പുലർച്ചെ വിശേഷാൽ ഗുരുപൂജ ശാന്തിഹവനം പ്രാർത്ഥന എന്നിവ നടന്നു. എസ്.എൻ .ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ. എൻ. തങ്കപ്പൻ, സുരേഷ് തന്ത്രികൾ തുടങ്ങിയവർ പദയാത്രയ്ക്ക് ആശംസകൾ നേർന്നു. തുടർന്ന് ആശ്രമം സെക്രട്ടറി ഗുരു പ്രകാശം സ്വാമികൾ പദയാത്ര ക്യാപ്ടന് പതാക കൈമാറി. ചക്കുപള്ളം ആറാമയിലിൽ എത്തിയ പദയാത്രയ്ക്ക് അമരാവതി എസ്എൻ .ഡി .പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അണക്കര ഗുരുദേവ സരസ്വതി ക്ഷേത്രം, പുറ്റടി, വെള്ളിമല, ആമയാർ, ചേറ്റുകുഴി, പോത്തിൻകണ്ടം എന്നീ കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ പദയാത്രയ്ക്ക് സ്വീകരണം ഒരുക്കി. 260 പദയാത്രികരാണ് കിഴക്കൻ മേഖലയിൽ നിന്നുള്ള തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്.