തൊടുപുഴ: റോഡ് കൈയടക്കി വഴിയോര കച്ചവടം വ്യാപകമാകുമ്പോഴും അധികൃതർ കണ്ണടയ്ക്കുകയാണെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ. ഒരു ഇടവേളയ്ക്ക് ശേഷം തൊടുപുഴ നഗരത്തിൽ വ്യാപകമായ രീതിയിൽ വഴിയോര കച്ചവടക്കാർ സ്ഥാനം പിടിക്കുകയാണ്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഉന്തുവണ്ടിയും പെട്ടിഓട്ടോയും കൊണ്ട് നിറഞ്ഞു. ചെറിയ കാര്യങ്ങളിൽ പോലും വ്യാപാരസ്ഥാപനങ്ങളിൽ കയറി ഇറങ്ങി പരിശോധനകൾ നടത്തുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നഗരസഭാ അധികൃതർ വഴിയോര കച്ചവടക്കാർക്ക് നേരെ കണ്ണടയ്ക്കുകയാണ്. നഗരവീഥികൾ പലതും ഉന്തുവണ്ടിക്കാരെകൊണ്ട് നിറഞ്ഞിട്ടും അവർക്കെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പറഞ്ഞു. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടില്ലാത്ത ഇടങ്ങൾ വഴിയോര കച്ചവടക്കാർക്ക് നഗരസഭ അധികൃതർ നൽകി അവരെ ആ ഇടങ്ങളിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണം. നഗരസഭയിൽ നിന്ന് കാർഡ് നൽകാത്ത ഉന്തുവണ്ടി കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്നും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അടിയന്തര സെക്രട്ടറിയേറ്റ് യോഗം നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച്. കനി, ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്തു മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, ബെന്നി ഇല്ലിമ്മൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.