ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ് എന്നിവയടക്കം പുതിയതായി 50 തസ്തികകൾ അനുവദിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഒരു പ്രൊഫസർ, 12 അസോസിയേറ്റ് പ്രൊഫസർ, 17 അസിസ്റ്റന്റ് പ്രൊഫസർ, 20 സീനിയർ റെസിഡന്റ് തസ്തികളാണ് അനുവദിച്ചിട്ടുള്ളത്. കാർഡിയോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ് വിഭാഗങ്ങളിൽ ഉൾപ്പെടെ പുതിയ തസ്തികകൾ അനുവദിച്ചിട്ടുണ്ട്.
ഏറെ നാളായുള്ള ആവശ്യത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകുകയായിരുന്നുണ്ണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജിലെ ചികിത്സാ സൗകര്യങ്ങളിൽ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരുന്ന തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു. പുതിയതായി 100 എംബിബിഎസ് സീറ്റുകൾക്കും 60 ബി.എസ്സി നഴ്‌സിങ് സീറ്റുകൾക്കും അനുമതി ലഭ്യമായതിനു പിന്നാലെയാണ് ഇപ്പോൾ 50 പുതിയ ഡോക്ടർ തസ്തികകളും അനുവദിക്കപ്പെടുന്നത്.
മെഡിക്കൽ കോളജിനോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങൾക്കായുള്ള പുതിയ ബ്ലോക്കുകളുടെ നിർമാണം പൂർത്തിയാക്കി. രോഗികൾക്ക് പരിശോധനകൾക്കായുള്ള വിവിധ ലാബുകൾ പുതിയതായി പ്രവത്തനം ആരംഭിച്ചിട്ടുണ്ട്.