നെടുങ്കണ്ടം: കരിങ്കൽ ഭിത്തി തകർത്ത് ലാേറി മറിഞ്ഞ സ്ഥലത്ത് റവന്യൂ വകുപ്പ് അധികൃതർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച ചതുരംഗപ്പാറ സ്പ്രിംഗ് വാലി ഭാഗത്ത് രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്ന് കരിങ്കല്ലുമായി ചതുരംഗപ്പാറ മാർ ബേസിൽ ക്രഷർ യൂണിറ്റിലേക്ക് വന്ന ടോറസ് ലോറി റോഡിന്റെ കരിങ്കൽ കെട്ട് ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞു വീണ ചെറിയ മരത്തിനെ ഒഴിവാക്കി റോഡിന്റെ വശത്തു കൂടി പോകാനുള്ള ശ്രമത്തിനിടയിൽ കനത്ത മൂടൽ മഞ്ഞു മൂലം ഡ്രൈവറുടെ കാഴ്ച മങ്ങുകയും നിയന്ത്രണം നഷ്ടപ്പെട്ട ടാേറസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിച്ച് താഴേയ്ക്ക് പതിക്കുകയുമായിരുന്നു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനം സ്ഥലത്ത് നിന്ന് നീക്കിയിട്ടില്ല. ബാരിക്കേഡ് സ്ഥാപിച്ച് ഒരു വരി മാത്രമായി പരിമിതപ്പെടുത്തി റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു.