ഇടുക്കി : ജില്ല നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാൻ സമഗ്ര പ്രതിരോധ കർമപദ്ധതി വേണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. 'കാലാവസ്ഥാ അതിജീവനശേഷിയും ഊർജകാര്യക്ഷമതയും കാർഷിക മേഖലയിൽ' എന്ന വിഷയത്തിൽ സംസ്ഥാന ഊർജവകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററും കൃഷിവകുപ്പും ചേർന്ന് പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസർ, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്ന വിദഗ്ദ്ധർ. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ജില്ല നേരിടുന്ന പാരിസ്ഥിതികവും അതിജീവനപരവുമായ വെല്ലുവിളികൾ ചർച്ച ചെയ്യാനും കാർഷിക മേഖലയിൽ രൂപപ്പെടുത്തേണ്ട പരിഹാരമാർഗങ്ങൾ നിർദേശിക്കാനുമാണ് ഏകദിന ശിൽപശാല സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്തു.
ഇടുക്കിയിലെ കർഷകർക്ക് കൃത്യമായ നഷ്ടപരിഹാരം, വിള ഇൻഷൂറൻസ്, പരിസ്ഥിതി പുനഃസ്ഥാപനത്തിൽ ഊന്നിയ പുനരുദ്ധാരണം എന്നിവ ഉറപ്പാക്കുന്ന കർമപദ്ധതി ഉണ്ടാകണമെന്ന് ഡോ. സി ജി മധുസൂദനൻ ചൂണ്ടിക്കാട്ടി. പരിസ്ഥിതി പുനഃസ്ഥാപനത്തിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിനുള്ള വിവിധ ധനസമാഹരണ മാർഗങ്ങൾ, അവയ്ക്കായി ബന്ധപ്പെടേണ്ട ഏജൻസികൾ, കാലാവസ്ഥാ അതിജീവനം സംബന്ധിച്ച മാതൃകാ പദ്ധതികൾ എന്നിവ പരിചയപ്പെടുത്തുന്ന സെഷനും ഉണ്ടായിരുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കുന്ന സമാനശിൽപശാലകളിൽ നിന്ന് ഉരുത്തിരിയുന്ന നിർദേശങ്ങളും പരിഹാരങ്ങളും ക്രോഡീകരിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ, കാലാവസ്ഥാ ഗവേഷകൻ സി ജയരാമൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ പി സലീനാമ്മ, ഊർജ കാര്യക്ഷമതാ വിദഗ്ദൻ ജോൺസൺ ഡാനിയേൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.