
മൂലമറ്റം: 'വെള്ളം, വെള്ളം...." വെട്ടേറ്റ് മണിക്കൂറുകളോളം രക്തത്തിൽ കുളിച്ചു കിടന്ന തങ്കമ്മ വെള്ളത്തിനായി അപേക്ഷിക്കുന്നത് കേട്ടാണ് കുമാരന്റെ സഹോദരി കമലാക്ഷി വീടിനകത്തേക്ക് കയറുന്നത്. അകത്ത് കണ്ട കാഴ്ച കമലാക്ഷിയ്ക്ക് ഓർക്കാൻ കൂടി വയ്യ. തങ്കമ്മയ്ക്ക് വെള്ളം കൊടുത്തെങ്കിലും മുറിയ്ക്കുള്ളിലേയ്ക്ക് കയറാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. അകത്ത് കൊലപാതകിയുണ്ടാകുമോയെന്ന് ഭയമുണ്ടായിരുന്നു. പിന്നീട് പൊതുപ്രവർത്തകയായ ആലീസെത്തിയ ശേഷമാണ് അകത്ത് കയറുന്നത്. അപ്പോഴാണ് തന്റെ സഹോദരൻ കുമാരി കട്ടിലിൽ മരിച്ച് കിടക്കുന്നത് കമലാക്ഷി കണ്ടത്. തുണികളെല്ലാം അലമാരയിൽ നിന്ന് വലിച്ചു വാരിയിട്ട നിലയിലായിരുന്നു. അർദ്ധ ബോധാവസ്ഥയിലായ തങ്കമ്മയും കുമാരൻ മരിച്ച വിവരം അറിഞ്ഞിരുന്നില്ല. അയൽവാസികളുമായി സൗഹൃപരമായി ഇടപെട്ടിരുന്ന ഒരു കുടുംബമായിരുന്നു ഇവരുടേതെന്ന് നാട്ടുകാരെല്ലാം പറയുന്നു. തടിപ്പണിക്കാരനായ കുമാരന് മാസങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തിൽ കണ്ണിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം ഭാര്യ തങ്കമ്മയ്ക്കൊപ്പം തൊഴിലുറപ്പ് ജോലി ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. എന്നാൽ അടുത്തിടെയാണ് കുടുംബത്തിൽ സ്ഥിരം വഴക്ക് തുടങ്ങിയത്. എങ്കിലും അതൊരു ഇരട്ട കൊലപാതകത്തിൽ കലാശിക്കുമെന്ന് ആരും കരുതിയില്ല. പൊലീസിനെ പോലെ തന്നെ മകൻ അജേഷിനെ തന്നെയാണ് സംഭവത്തിൽ ബന്ധുക്കളും അയൽവാസികളും സംശയിക്കുന്നത്. ഈ ക്രൂ രകൃത്യത്തിന്റെ ചുരുളഴിയണമെങ്കിൽ ഒളിവിൽ പോയ അജേഷിനെ കണ്ടുകിട്ടണം. ഇയാൾക്കായി പൊലീസ് ഉർജിതമായ അന്വേഷണത്തിലാണ്. കാഞ്ഞാർ എസ്.എച്ച്.ഒ സോൾജിമോനാണ് കേസിന്റെ അന്വേഷണ ചുമതല. എസ്.ഐമാരായ സിബി തങ്കപ്പൻ, സിബി പി. ജോസ് , പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ ഫൈസൽ, അജീഷ് ടോമി എന്നിവർ സ്ഥലത്തെത്തി വീടും പരിസരവും പരിശോധന നടത്തി വാതിൽ അടച്ചു സീൽ ചെയ്തു. വിരലടയാള വിദഗ്ദ്ധരും സംഘവും സ്ഥലത്തെത്തി തെളിവെടുക്കാനുണ്ട് . സംഭവം നടന്ന വീടിന് 200 മീറ്റർ ചുറ്റളവിൽ മറ്റ് വീടുകളില്ല. എന്ത് ആയുധമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇരുവരുടേയും തലയ്ക്കാണ് വെട്ടേറ്റിരിക്കുന്നത്.
അജേഷ് ശാന്തസ്വഭാവക്കാരൻ
ദമ്പതികളുടെ മകൻ അജേഷ് പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു. അയൽവാസികളുമായി നേരത്തെ സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്തിടെ അയാളുടെ പെരുമാറ്റം മാനസിക നില തെറ്റിയ നിലയിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പലപ്പോഴും ഇയാളുടെ കൈയിൽ കത്തിയുണ്ടാകാറുണ്ടായിരുന്നു. ആരോടെന്നില്ലാതെ ചീത്ത വിളിച്ചുകൊണ്ടായിരുന്നു നടന്നിരുന്നത്. മിക്കപ്പോഴും മദ്യപിച്ച നിലയിലായിരിക്കുമെന്ന് അയൽവാസികൾ പറയുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് അജേഷ് ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം ഭാര്യ വീടായ കുമളിയിലും മൂലമറ്റത്തെ സ്വന്തം വീട്ടിലുമായാണ് താമസിച്ചിരുന്നത്. ഇയാൾക്ക് നാല് വയസുള്ള ഒരു കുട്ടിയുണ്ട്. അറക്കുളത്തുള്ള ഡെക്കറേഷൻ സ്ഥാപനത്തിൽ പന്തൽ പണിക്കാരനായിരുന്നു അജേഷ്. കുറച്ച് ദിവസങ്ങളായി പുളിയന്മലയിലായിരുന്നു ജോലി. കുമളിയിലെ ഭാര്യ വീട്ടിൽ നിന്നായിരുന്നു ഇയാൾ ജോലിയ്ക്ക് പോയിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാൾ മൂലമറ്റത്തെ വീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലേക്ക് വരുംവഴി ബൈക്കിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ബന്ധുവാണ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വീട്ടിൽ തിരിച്ചെത്തിച്ചത്.