രാജാക്കാട്: മലനാടിന്റെ മഹോത്സവമായ രാജാക്കാട് ഫെസ്റ്റിന് ഇന്ന് കൊടിയേറും. 31 വരെ രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവ്വഹിക്കും. 31ന് നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. 10 വർഷം നീണ്ട ഇടവേളക്ക് ശേഷമാണ് ആകർഷണീയമായ നിരവധി പരിപാടികളോടെ രാജാക്കാട് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, മതസൗഹാർദ്ദ കൂട്ടായ്മ,
മർച്ചന്റ്‌സ് അസോസിയേഷൻ, രാഷ്ട്രീയ സംഘടനകൾ, ട്രേഡ് യൂണിയനുകൾ, വിവിധ ക്ലബ്ബുകൾ, കുടുംബശ്രീ സി.ഡി.എസ്, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഹെലികോപ്ടർ സവാരി, സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കള്ളിമാലി, കനകക്കുന്ന് വ്യൂ പോയിന്റ്, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, പൊന്മുടി ടൂറിസം കേന്ദ്രം എന്നിവ സന്ദർശിക്കാനുള്ള അവസരവും കാർണിവൽ, അമ്യൂസ്‌മെന്റ് പാർക്ക്, വിവിധതരം എക്‌സിബിഷനുകൾ, സ്റ്റാളുകൾ, വിവിധ കലാപരിപാടികൾ, മാജിക് ഷോ എന്നിവ സംഘടിപ്പിക്കും. ഫെസ്റ്റിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് കൂപ്പണുകൾ നൽകി ഫെസ്റ്റിന്റെ എല്ലാ ദിവസങ്ങളിലും വൈകിട്ട് നറുക്കിട്ട് സമ്മാനങ്ങൾ നൽകും. ഫെസ്റ്റ് കമ്മിറ്റി നൽകുന്ന സമ്മാനക്കൂപ്പൺ നറുക്കെടുത്ത് സമാപന ദിവസം ബംബർ സമ്മാനങ്ങളും വിതരണം ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സാംസ്‌കാരിക റാലിയോടെയാണ് ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്. ഫെസ്റ്റ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എസ്. സതി അദ്ധ്യക്ഷത വഹിക്കും. കൺവീനർ വി.എസ്. ബിജു സ്വാഗതം ആശംസിക്കും. എ. രാജ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ലോഗോ സമ്മാന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് നിർവ്വഹിക്കും. വ്യാപാരോത്സവം സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ നിർവ്വഹിക്കും. ഉഷാകുമാരി മോഹൻകുമാർ, എം.ബി. ശ്രീകുമാർ, ഫാ. ജോബി വാഴയിൽ എന്നിവർ പ്രസംഗിക്കും. 6.30ന് ഫ്യൂഷൻ ചെണ്ടമേളവും 8.30ന് സ്റ്റേജ് ഷോയും നടത്തും.