തൊടുപുഴ:പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ച് നിർമ്മിച്ച ജില്ലാ ആയുർവേദ ആശുപത്രി കെട്ടിടം മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതിനെതിരെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ രംഗത്ത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രൊഫ. എം.ജെ. ജേക്കബ്, ഇന്ദു സുധാകരൻ, സി.വി. സുനിത, ഷൈനി റെജി എന്നിവർ വാർത്താസമ്മേളനത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ മുടക്കിയാണ് ജില്ലാ ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. എന്നാൽ കെട്ടിട നിർമ്മാണം പൂർത്തിയായിട്ട് ഒമ്പത് മാസത്തിലേറെയായി. ആശുപത്രി അധികൃതരും തങ്ങളും ആശുപത്രി വികസന സമിതി യോഗത്തിലും ജില്ലാ പഞ്ചായത്ത് കമ്മിറ്റിയിലും നിരന്തരം ആവശ്യപ്പെട്ടിട്ടും ആരോഗ്യ മന്ത്രിയുടെ തീയതി നിശ്ചയിക്കാത്തതിനാൽ പുതിയ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നു നൽകാൻ ജില്ലാ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ല. തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി സംസ്ഥാനത്തെ മികച്ച ഒരു ആശുപത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത് പി.ജെ. ജോസഫ് മന്ത്രിയായിരുന്ന കാലത്താണ്. സ്‌പോർട്‌സ് മെഡിസിന് പ്രത്യേക ചികിത്സ നൽകിയിരുന്ന ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ജില്ലാ ആശുപത്രിയോട് ചേർന്ന് കിടന്ന 50 സെന്റ് സ്ഥലത്ത് മറ്റൊരു കെട്ടിടം നിർമ്മിക്കാൻ ഡീൻ കുര്യാക്കോസ് എം.പിയും പി.ജെ. ജോസഫും ചേർന്ന് നടപടികൾ സ്വീകരിച്ചെങ്കിലും അതിന്റെ നിർമ്മാണ ഉദ്ഘാടനവും മനപ്പൂർവ്വം മരവിപ്പിച്ചിരിക്കുകയാണെന്ന് ഇവർ ആരോപിച്ചു. ഈ കെട്ടിടം നിർമ്മിക്കാൻ ആയുർവേദ ആശുപത്രിയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ആയുർവേദ ആശുപത്രി ഇന്ന് തികഞ്ഞ അവഗണന നേരിടുകയാണ്. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ കുറച്ചു. ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് ലഭിക്കുന്നില്ല. ആയുർവേദ ചികിത്സ രംഗത്ത് പേരും പ്രശസ്തിയും ഉണ്ടായിരുന്ന ഈ സ്ഥാപനത്തെ മനപ്പൂർവ്വം മുക്കിക്കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അവർ ആരോപിച്ചു. എത്രയും പെട്ടെന്ന് ആശുപത്രിയെ പഴയ നിലയിൽ പ്രവർത്തനസജ്ജമാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർമ്മാണം പൂർത്തിയായ കെട്ടിടം ഉടൻ തുറന്നു കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പണി പൂർത്തിയായിട്ട് ഒമ്പത് മാസം
2020ൽ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന് മൂന്ന് നിലകളിലായി 5000 ചതുശ്ര അടി വിസ്തീർണ്ണം ഉണ്ട്. നാല് ഒ.പി മുറികൾ, മൂന്ന് വാർഡുകൾ, നഴ്‌സിംഗ് സ്റ്റേഷൻ, ലിഫ്‌റ്റ് റൂം, സ്റ്റെയർ കേസ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക്, 10000 ലിറ്റർ ഓവർ ഹെഡ് വാട്ടർ ടാങ്ക്, സെപ്ടിക് ടാങ്ക്, മെയിൻ കെട്ടിടവുമായി ബന്ധിപ്പിക്കുന്ന റാമ്പ് തുടങ്ങിയവ ഈ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 31ന് കെട്ടിടത്തിന്റെ പണി സമ്പൂർണ്ണമായി പൂർത്തിയാക്കി കോൺട്രാക്ടർ വകുപ്പിന് കൈമാറിയതാണ്.